ബിജെപി സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക കേന്ദ്ര നേതൃത്വം അംഗീകരിച്ചു; പ്രഖ്യാപനം ഉടനുണ്ടായേക്കും

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെന്ന് സൂചന. സംസ്ഥാനത്ത് നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്ത് അന്തിമ പട്ടിക തയാറാക്കിയത്. സംസ്ഥാന നേതൃത്വം തയ്യാറാക്കി നല്‍കിയ പട്ടികയില്‍ കേന്ദ്രം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് സൂചന. ഇന്ന് വൈകിട്ടോ അല്ലെങ്കില്‍ നാളെയോടെയോ ഉറപ്പായും പട്ടികയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം, പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ നേതാക്കള്‍ വിസമ്മതിച്ചു.

ചില സ്ഥാനാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കാതെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും അവരുടെ സമ്മതം കൂടി വാങ്ങേണ്ടതുണ്ടെന്നും ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികകള്‍ പൂര്‍ണ്ണമായ സാഹചര്യത്തില്‍, കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയും പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ട, തൃശ്ശൂര്‍ സീറ്റുകളെ കുറിച്ചുള്ള തര്‍ക്കം രൂക്ഷമായതാണ് പ്രഖ്യാപനം വൈകാന്‍ കാരണമാവുന്നത്. താല്‍പ്പര്യമുള്ള മണ്ഡലങ്ങള്‍ കിട്ടിയിട്ടില്ലെങ്കില്‍ മത്സരിക്കില്ലെന്ന വാശിയിലായിരുന്നു പ്രമുഖനേതാക്കളെല്ലാം. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കും എന്ന് പാര്‍ട്ടി ആദ്യമേ തീരുമാനിച്ചിരുന്നു. അതേസമയം, പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്കും കെ സുരേന്ദ്രനും തുല്ല്യസാധ്യതയാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

Exit mobile version