തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെവി തോമസ് ഉണ്ടാകും; ബിജെപി സ്ഥാനാര്‍ത്ഥിയാകും എന്നത് മാധ്യമസൃഷ്ടി മാത്രമെന്നും ഹൈബി ഈഡന്‍

കൊച്ചി: എറണാകുളം മണ്ഡലത്തില്‍ കെവി തോമസ് തനിക്ക് വേണ്ടി സജീവ പ്രചാരണത്തിന് ഇറങ്ങുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആളാണ് കെവി തോമസ്. പാര്‍ട്ടിയില്‍ ഇനിയും അദ്ദേഹം ഉന്നത സ്ഥാനങ്ങളിലെത്തുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അടക്കമുള്ള പരിപാടികളിലേക്ക് കെവി തോമസിനെ ക്ഷണിക്കും. അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും ഹൈബി ഈഡന്‍ കൊച്ചിയില്‍ പറഞ്ഞു.

എറണാകുളത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ ജനപ്രതിനിധിയാണ് കെവി തോമസ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ തന്റെ വിജയത്തിനായി കെവി തോമസ് മുന്‍ നിരയില്‍ തന്നെ ഉണ്ടാകുമെന്നും ഹൈബി ഈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എറണാകുളത്ത് സിറ്റിങ് എംപിയായ തന്നെ തഴഞ്ഞ് ഹൈബി ഈഡനെ തെരഞ്ഞെടുത്തത് കെവി തോമസിനെ ചൊടിപ്പിച്ചിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതില്‍ കടുത്ത ദുഃഖമുണ്ടെന്നും എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് അറിയില്ലെന്നും കോവി തോമസ് പ്രതികരിച്ചിരുന്നു.

അതേസമയം, കെവി തോമസിനെ അനുനയിപ്പിക്കാന്‍ ഹൈബി വിജയിച്ചാല്‍ അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലം കൈമാറാമെന്നും ഉന്നതസ്ഥാനമാനങ്ങള്‍ നല്‍കാമെന്നും കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version