കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് സ്വയം പ്രഖ്യാപിച്ച് കെ സുധാകരന്‍

മുദ്രാവാക്യങ്ങളും ആരവങ്ങളും കൊടിതോരണങ്ങളുമെല്ലാമായാണ് കെ സുധാകരനെ കണ്ണൂരിലേക്ക് എതിരേറ്റത്.

കണ്ണൂര്‍: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് സ്വയം പ്രഖ്യാപിച്ച് കെ സുധാകരന്‍. ലോകസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ നടന്ന പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സുധാകരന് യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കി. മുദ്രാവാക്യങ്ങളും ആരവങ്ങളും കൊടിതോരണങ്ങളുമെല്ലാമായാണ് കെ സുധാകരനെ കണ്ണൂരിലേക്ക് എതിരേറ്റത്.

എന്നാല്‍ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും തത്വത്തില്‍ അംഗീകരിച്ച സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്കാണ് പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങുന്നതെന്നും പ്രവര്‍ത്തകരോട് നന്ദി അറിയിക്കുന്നതായും കെ സുധാകരന്‍ പറഞ്ഞു.

അതേസമയം, കണ്ണൂരിലും കാസര്‍കോടും മലപ്പുറത്തും അക്രമികളാല്‍ ചിതറിത്തെറിച്ച രക്തസാക്ഷികളുടെ വികാരങ്ങള്‍ നെഞ്ചിലേറ്റി കൊണ്ടാണ് കേരളത്തില്‍ യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സുധാകരന്‍ സ്വീകരണത്തിന് ശേഷം പ്രതികരിച്ചു. ഏത് രാഷ്ട്രീയ പ്രതിസന്ധിയും അതിജീവിക്കാന്‍ യുഡിഎഫും കോണ്‍ഗ്രസും സജ്ജമാണെന്നതിനുള്ള പ്രഖ്യാപനവുമായിട്ടാണ് ഒരിക്കല്‍ കൂടി ഞാന്‍ കണ്ണൂരിലേക്ക് വന്നിറങ്ങുന്നതെന്നും സുധാകരന്‍ വ്യക്തമാക്കി.

Exit mobile version