മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കണം; കെ സുരേന്ദ്രന്റെ ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പിബി അബ്ദുള്‍ റസാഖിനോട് 89 വോട്ടിന് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടിരുന്നു

മഞ്ചേശ്വരം: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഏപ്രില്‍ നാലിലേക്ക് മാറ്റി. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പിബി അബ്ദുള്‍ റസാഖിനോട് 89 വോട്ടിന് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടിരുന്നു. റസാഖ് വിജയിച്ചത് കള്ളവോട്ട് നേടിയാണെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.

കള്ളവോട്ട് നടന്നെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പില്‍ മരിച്ചുപോയവരുടേയും വിദേശത്ത് ഉള്ളവരുടേയും പേരില്‍ കള്ളവോട്ട് ചെയ്തതെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. എന്നാല്‍ എംഎല്‍എ പിബി അബ്ദുള്‍ റസാഖ് മരിച്ചതിന് ശേഷം ഹര്‍ജിയുമായി ഇനി മുന്നോട്ട് പോകുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. കെ സുരേന്ദ്രന്‍ തന്റെ ഹര്‍ജിയുമായി വീണ്ടും മുന്നോട്ടു പോയിരുന്നു. പിന്നീടാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്.

Exit mobile version