മണ്ഡലകാലത്തേക്കുള്ള തീര്‍ത്ഥാടകര്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ആരംഭിച്ചു: കേരള പോലീസ്

കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ അറിയിപ്പ് പുറത്തു വിട്ടിരിക്കുന്നത്

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് എത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തിരഞ്ഞെടുക്കുന്നതിനുളള സംവിധാനം ആരംഭിച്ചു. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ അറിയിപ്പ് പുറത്തു വിട്ടിരിക്കുന്നത്.

കാല്‍നടയായി പോകുന്നവര്‍ ഒഴികെ നിലക്കലില്‍ എത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് ബുക്കിങ്ങും ദര്‍ശനത്തിനുളള സമയം തിരഞ്ഞെടുക്കുന്നതും ഒരുമിച്ചു ലഭ്യമാകുന്ന തരത്തിലാണ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നതെന്നും കെഎസ്ആര്‍ടിസി യും കേരള പോലീസും ചേര്‍ന്നാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തിരഞ്ഞെടുത്ത സമയം അടിസ്ഥാനമാക്കി 48 മണിക്കൂര്‍ വരെ ഉപയോഗിക്കാവുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റ് (നിലക്കല്‍-പമ്പ-നിലക്കല്‍) ലഭിക്കും. പമ്പയില്‍ നിന്ന് മുന്‍ വര്‍ഷങ്ങളിലേതുപോലെ സന്നിധാനത്തേക്ക് മല കയറാവുന്നതാണ്.  ദര്‍ശനത്തിന് ശേഷം പമ്പയില്‍ നിന്ന് നിലക്കലിലേക്ക് തിരിച്ചുപോകുന്നതിനും അതേ ടിക്കറ്റ് തന്നെ ഉപയോഗിക്കാം. തിരിച്ചുപോകല്‍ യാത്ര 48 മണിക്കൂറിനുളളില്‍ പൂര്‍ത്തിയാക്കിയിരിക്കണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ആരംഭിച്ചു.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് എത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തിരഞ്ഞെടുക്കുന്നതിനുളള സംവിധാനം കേരള പോലീസ് ആരംഭിച്ചു. കാല്‍നടയായി പോകുന്നവര്‍ ഒഴികെ നിലക്കലില്‍ എത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിര്‍ബന്ധമായതിനാല്‍ കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് ബുക്കിങ്ങും ദര്‍ശനത്തിനുളള സമയം തിരഞ്ഞെടുക്കുന്നതും ഒരുമിച്ചു ലഭ്യമാകുന്ന തരത്തിലാണ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി സി യും കേരള പോലീസും ചേര്‍ന്നാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

www .sabarimalaq.com എന്ന പോര്‍ട്ടലില്‍ കെ.എസ്.ആര്‍.ടി.സി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ലിങ്കില്‍ പോയി ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ദര്‍ശന സമയവും ലഭ്യമാകുന്നു. www.keralartc.com എന്ന വൈബ്‌സൈറ്റില്‍ നേരിട്ടും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഒരു ടിക്കറ്റില്‍ പത്തു പേര്‍ക്ക് വരെ ബുക്ക് ചെയ്യാം. ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തു പ്രിന്റ് എടുത്ത് യാത്രക്കായി കൊണ്ടുവരേണ്ടതാണ്.

തിരഞ്ഞെടുത്ത സമയം അടിസ്ഥാനമാക്കി 48 മണിക്കൂര്‍ വരെ ഉപയോഗിക്കാവുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റ് (നിലക്കല്‍-പമ്പ-നിലക്കല്‍) ലഭിക്കും. പമ്പയില്‍ നിന്ന് മുന്‍ വര്‍ഷങ്ങളിലേതുപോലെ സന്നിധാനത്തേക്ക് മല കയറാവുന്നതാണ്. ദര്‍ശനത്തിന് ശേഷം പമ്പയില്‍ നിന്ന് നിലക്കലിലേക്ക് തിരിച്ചുപോകുന്നതിനും അതേ ടിക്കറ്റ് തന്നെ ഉപയോഗിക്കാം. തിരിച്ചുപോകല്‍ യാത്ര  48 മണിക്കൂറിനുളളില്‍ പൂര്‍ത്തിയാക്കിയിരിക്കണം.

കാല്‍നടയായി എത്തി ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന തീര്‍ത്ഥാടകര്‍ക്കായി ഓണ്‍ലൈന്‍ ആയും പമ്പയില്‍ നിന്ന് ടിക്കറ്റ് ലഭ്യമാക്കുന്നതിനുളള സൗകര്യങ്ങള്‍ കെ.എസ്.ആര്‍.ടി.സി ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ മറ്റു അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പമ്പാസ്‌നാനത്തിന് ശേഷം തീര്‍ത്ഥാടകരെ പമ്പയില്‍ തുടരാന്‍ അനുവദിക്കുന്നതല്ല.

ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ നിലക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അവിടെയുളള കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് ലഭ്യതക്കനുസരിച്ച് മുന്‍ഗണനാക്രമത്തില്‍ ടിക്കറ്റ് നല്‍കും. ടിക്കറ്റ് എടുത്ത ശേഷം തീര്‍ത്ഥാടകര്‍ക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ നിലക്കലില്‍ നിന്ന് പമ്പയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. മറ്റു സ്ഥലങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നേരിട്ട് പമ്പയില്‍ എത്തുന്നവര്‍ക്ക് നിലക്കലില്‍ നിന്ന് വീണ്ടും ബുക്കിംഗ് ആവശ്യമില്ല.

മുന്‍ വര്‍ഷങ്ങളില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്ത് എത്തുന്ന തീര്‍ത്ഥാടകരെ മരക്കൂട്ടത്തു നിന്ന് ചന്ദ്രാനന്‍ റോഡ് വഴി സന്നിധാനം നടപ്പന്തല്‍ എത്തുന്നതിന് അനുവദിച്ചിരുന്നു. ഈ വര്‍ഷവും പരിമിതമായ എണ്ണം തീര്‍ത്ഥാടകര്‍ക്ക് ഈ സൗകര്യം അനുവദിക്കുന്നുണ്ട്. ഇതിനായി www .sabarimalaq.com എന്ന പോര്‍ട്ടലില്‍ തീര്‍ത്ഥാടകരുടെ പേര്, വയസ്സ്, ഫോട്ടോ, അഡ്രസ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. ബുക്ക് ചെയ്യുന്ന എല്ലാ തീര്‍ത്ഥാടകരുടെയും വിവരങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തേണ്ടതാണ്.

വെബ് പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന കലണ്ടറില്‍ നിന്ന് ലഭ്യതക്കനുസരിച്ച് ദര്‍ശന ദിവസവും സമയവും തിരഞ്ഞെടുക്കാം. ബുക്കിംഗ് പൂര്‍ത്തിയാക്കിയ ശേഷം ദര്‍ശന സമയവും തീയതിയും തീര്‍തത്ഥാടകന്റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ ക്യൂ കൂപ്പണ്‍ സേവ് ചെയ്ത് പ്രിന്റ് എടുക്കേണ്ടതാണ്. ഈ കൂപ്പണ്‍ ദര്‍ശന ദിവസം പമ്പയില്‍ പ്രവര്‍ത്തിക്കുന്ന പോലീസിന്റെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ച് പ്രവേശനത്തിനുളള സീല്‍ പതിപ്പിക്കേണ്ടതാണ്.

കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു മാത്രമേ ചന്ദ്രാനന്‍ റോഡ് വഴി പ്രവേശനം അനുവദിക്കുകയുളളൂ. ഈ സൗകര്യം ഉപയോഗിക്കുന്ന തീര്‍ത്ഥാടകര്‍ നിലക്കല്‍-പമ്പ കെഎസ്ആര്‍ട.സി ബസ് ടിക്കറ്റ് പ്രത്യേകം എടുക്കേണ്ടതാണ്.

തീര്‍ത്ഥാടകരുടെ സ്വകാര്യ വാഹനങ്ങള്‍ നിലക്കല്‍ വരെ മാത്രമേ അനുവദിക്കുകയുളളൂ. നിലക്കല്‍ പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമേ തീര്‍ത്ഥാടകര്‍ക്കായി അനുവദിക്കുകയുളളൂ. ഓണ്‍ലൈനിലൂടെ കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് എടുത്തു വരുന്നത് വഴി നിലക്കലിലും പമ്പയിലും ബസ് ടിക്കറ്റിന് വേണ്ടിയുളള ക്യൂ ഒഴിവാക്കാം.

റൗണ്ട് ട്രിപ്പ് ബസ് ടിക്കറ്റ് 48 മണിക്കൂര്‍ വരെ മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കു എന്നതിനാല്‍ അതിനുളളില്‍ തന്നെ ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തേണ്ടതാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം പമ്പയില്‍ തീര്‍ത്ഥാടകരെ യാതൊരു കാരണവശാലും തങ്ങാന്‍ അനുവദിക്കുന്നതല്ല.

തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഈ വര്‍ഷം മുതല്‍ നിലക്കല്‍ ബേസ് ക്യാമ്പായി തീരുമാനിച്ചു. നിലക്കലില്‍ നിന്ന് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോകുന്നതിനും തിരിച്ച് വരുന്നതിനും കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഉപയോഗിക്കേണ്ടതാണ്. keralapolice’

 

Exit mobile version