പിണറായി വിജയന്‍ ഗുണ്ടയും തെമ്മാടിയും റൗഡിയും; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എഎന്‍ രാധാകൃഷ്ണന്‍

മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബിജെപി നേതാക്കളുടെ വ്യക്തി അധിക്ഷേപം വീണ്ടും.

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബിജെപി നേതാക്കളുടെ വ്യക്തി അധിക്ഷേപം വീണ്ടും. ഇതേതവണ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനാണ് രംഗത്തെത്തിയിരിക്കുന്നത്. പിണറായി വിജയന്‍ ഗുണ്ടയും തെമ്മാടിയും റൗഡിയുമാണെന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. ശബരിമലയില്‍ അക്രമം നടത്തിയവര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോട്ടയം എസ്പി ഓഫീസിലേക്ക് ബിജെപി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണ്. വേലിതന്നെ വിളവു തിന്നുന്ന സാഹചര്യമാണുള്ളത്. മുഖ്യമന്ത്രി കഴിഞ്ഞ ഏതാനും ദിവസങ്ങളായി എല്ലാ ജില്ലകളിലും നടന്ന് അയ്യപ്പഭക്തരെ വെല്ലുവിളിക്കുകയാണ്. മാടമ്പിയെപ്പോലെയാണ് കേരള ജനതയോടു പെരുമാറുന്നത്. മുഖ്യമന്ത്രിയുടെ വെല്ലുവിളികള്‍ എല്ലാ ജനാധിപത്യ സംവിധാനങ്ങളേയും തകിടം മറിച്ച് മുന്നോട്ടുപോകുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

കേരളത്തിലെ മുഖ്യമന്ത്രിയെന്നാല്‍, അയാള്‍ക്കടെ ധാരണ അയാളിറങ്ങിയാല്‍ കേരളം മുഴുവന്‍ കുലുങ്ങുമെന്നാണ്. കൂവികുലുക്കി പക്ഷിയെന്നു പറയുന്ന ഒരു പക്ഷിയുണ്ട്. ആ പക്ഷിയൊന്ന് കുലുങ്ങിയാല്‍ പക്ഷിയുടെ ധാരണ ഭൂമികുലുങ്ങുമെന്നാണ്. ഈ ഇട്ടാവട്ടത്തിലെ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ധാരണ കേരളം മുഴുവന്‍ കുലുങ്ങുമെന്നാണ്.

‘ഈ മുഖ്യമന്ത്രി ആരെയാണ് പേടിപ്പിക്കുന്നത്, ഇയാളെ ആര്‍ക്കാണ് പേടി. ഇതുപോലെ തെമ്മാടിത്തം കാണിക്കുന്ന റൗഡിയായ ഗുണ്ടയായ മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടുണ്ടോ?’ എന്നാണ് രാധാകൃഷ്ണന്റെ പരാമര്‍ശം.

ഇതുപോലെത്തൊരു മരമണ്ടന്‍ മുഖ്യമന്ത്രി കേരളത്തിലുണ്ടോയെന്നും രാധാകൃഷ്ണന്‍ ചോദിക്കുന്നുണ്ട്. ശബരിമലയിലെ ആചാരം ലംഘിക്കണമായിരുന്നെങ്കില്‍ മുഖ്യമന്ത്രി സ്വന്തം മകളെയും കൊണ്ട് ശബരിമലയിലേക്ക് പോകട്ടെ. അവിടേക്ക് വരാന്‍ പിണറായിയിയെ വെല്ലുവിളിക്കുകയാണ്. വെറും തെമ്മാടിയല്ലേ മുഖ്യമന്ത്രി വിജയനെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Exit mobile version