കേസില്‍ അനുകൂല വിധിക്ക് ദിലീപ് ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനത്തിനെത്തി; ചിത്രമെടുക്കുന്നത് തടഞ്ഞ് ഫാന്‍സ്; കുട്ടികളുടെ ഫോണുകള്‍വരെ പിടിച്ചെടുത്തു!

പൊന്‍കുന്നം: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ ചലച്ചിത്രനടന്‍ ദിലീപ് ചെറുവള്ളി ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനത്തിനെത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അടനേദ്യവും കരിക്കഭിഷേകവും നടത്തി. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ കേസുകളില്‍ അനുകൂലവിധിയുണ്ടാകുമെന്നാണ് വിശ്വാസം. ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവന്‍ കോവിലില്‍ ദിവസവും പ്രധാന ക്ഷേത്രത്തിലെ നടയടച്ചതിനുശേഷമാണ് പൂജ. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്.

ചെറുവള്ളിലമ്മയുടെ ശ്രീകോവിലിനു മുന്‍പില്‍ പ്രാര്‍ത്ഥിച്ച് കാണിക്കയര്‍പ്പിച്ചാണ് ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാടിനെത്തിയത്.

ധര്‍മ്മരാജാവിന്റെ ഭരണകാലത്ത് തിരുവിതാംകൂര്‍ സദര്‍കോടതി ജഡ്ജിയായിരുന്ന തിരുവല്ല തലവടി രാമവര്‍മപുരത്തുമഠം ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെയാണ് ജഡ്ജിയമ്മാവനായി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

അതേസമയം, ദിലീപ് ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളെടുക്കുന്നത് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളെന്ന് പറഞ്ഞ സംഘം തടഞ്ഞു. ദിലീപിനൊപ്പമെത്തിയവര്‍ ആയിരുന്നു ഇവര്‍. പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരെയും നടന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച കുട്ടികളെയും വരെ തടഞ്ഞെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. മൊബൈല്‍ ഫോണ്‍കൈക്കലാക്കി ചിത്രങ്ങള്‍ ഇവര്‍ മായ്ച്ചുകളഞ്ഞു. ചിത്രമെടുക്കാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

Exit mobile version