സമരം അക്രമാസക്തമായാല്‍ അണികളെ ‘തൊടില്ല’ കുരുക്ക് വീഴാന്‍ പോകുന്നത് നേതാക്കള്‍ക്ക്! പുതിയ തന്ത്രവും ചില മാറ്റങ്ങളുമായി കേരളാ പോലീസ്

കലാപകാരികളെ നേരിടാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് പുതിയ പരിഷ്‌കരണങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്.

തിരുവനന്തപുരം: അക്രമാസക്തമാകുന്ന സമരങ്ങളെ ചെറുക്കാന്‍ പുതിയ തന്ത്രവും ചില മാറ്റങ്ങളും വരുത്തി കേരളാ പോലീസ്. രാഷ്ട്രീയ സമരങ്ങളുമായി രംഗത്ത് ഇറങ്ങിയാല്‍ അണികള്‍ക്ക് ഇനി തല്ലും തൊഴിയും ഒന്നുമില്ല. മറിച്ച് പണികിട്ടാന്‍ പോകുന്നത് ഇനി നേതാക്കള്‍ക്കാണ്. അണികളെ നേര്‍ച്ച കോഴിക്കണക്കിന് ഇറക്കി വിട്ട് മറഞ്ഞിരിക്കുന്ന നേതാക്കന്മാര്‍ക്കെതിരെ കേസെടുത്ത് പണി കൊടുക്കാനാണ് പോലീസിന്റെ തീരുമാനം.

നേതാക്കള്‍ അകത്താകുന്നതോടെ അണികളുടെ വീര്യം കെടുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സമരം അടിച്ചൊതുക്കലിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി ഉയരുന്നത്. കലാപകാരികളെ നേരിടാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് പുതിയ പരിഷ്‌കരണങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്.

കൂടാതെ പോലീസിനെ വളരെ പെട്ടെന്ന് തോക്കെടുത്ത് പ്രയോഗിക്കാനായി കൈത്തോക്ക് ധരിക്കുന്നത് ഇടതുവശത്തു നിന്നു വലത്തേക്കു മാറ്റുമെന്നും ഉത്തരവിലുണ്ട്. നിലവില്‍ സമരത്തിനിടെ അക്രമം കാണിച്ചാല്‍ തല, കഴുത്ത്, നെഞ്ച് തുടങ്ങി പോലീസിനു തോന്നുന്ന സ്ഥലങ്ങളില്‍ അടിക്കാന്‍ അധികാരമുണ്ട്. 1931 ല്‍ സ്വാതന്ത്ര്യ സമരസേനാനികളെ നേരിടാന്‍ ബ്രിട്ടിഷ് പോലീസ് കൊണ്ടുവന്നതാണ് ഈ ആയുധമുറ.

അക്കാലത്തെ രീതികള്‍ പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്ന് ഡിഐജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോര്‍ട്ട് നല്‍കി. ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി എസ്. ആനന്ദകൃഷ്ണന്‍ അധ്യക്ഷനായ സമിതി ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാമെന്നു ശുപാര്‍ശയും നല്‍കി. തുടര്‍ന്നാണു പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കേരളാ പോലീസിനു ലാത്തിയും തോക്കും ഉപയോഗിക്കാന്‍ രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം നല്‍കാനും ഡിജിപി ഉത്തരവിട്ടു. അര ലക്ഷത്തിലേറെ വരുന്ന പോലീസുകാര്‍ക്കു 100 ദിവസത്തിനകം പരിശീലനം നല്‍കും. സേനയില്‍ പ്രവേശിക്കുന്ന കോണ്‍സ്റ്റബിള്‍, എസ്ഐമാര്‍ എന്നിവരെ പരിശീലന കാലയളവില്‍ തന്നെ ഇതു പഠിപ്പിക്കും. ഇതിനായി 200 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കു പരിശീലനം നല്‍കിക്കഴിഞ്ഞു.

ജനക്കൂട്ടത്തെ ആക്രമിക്കുന്ന രീതി ഒഴിവാക്കി അവരെ പ്രതിരോധിക്കാന്‍ പോലീസിനെ മാനസികവും ശാരീരികവുമായി സജ്ജമാക്കുകയാണു പുതിയ രീതിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധതരം അക്രമങ്ങള്‍ നേരിടാന്‍ പ്രത്യേക തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. ജനക്കൂട്ടത്തിനു നേരെ പാഞ്ഞടുക്കുന്നതിനൊപ്പം അവരെ വളയാനും പിന്നോട്ടും വശങ്ങളിലേക്കും ഓടിക്കാനും കൂടി പരിശീലനം നല്‍കും.

Exit mobile version