എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടത് കോടതി ആണ്, സര്‍ക്കാറിന് അവരെ തിരിച്ചെടുക്കാനാവില്ല; ഗതാഗത മന്ത്രി

കഴിഞ്ഞ ഡിസംബറിലാണ് ഹൈക്കോടതി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് കെഎസ്ആര്‍ടിസിയോട് നിര്‍ദ്ദേശിച്ചത്

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം പിരിച്ചുവിട്ട കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കോടതിയാണ് എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതെന്നും അതില്‍ ഇടപെടാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

നിയമഭേദഗതിയ്ക്ക് ശ്രമിച്ചാല്‍ തിരിച്ചടി നേരിടുമെന്നും ജീവനക്കാര്‍ക്ക് സ്വന്തം താല്‍പ്പര്യം മാത്രമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. ജോലി വീടിന്റെ അടുത്ത് തന്നെ വേണമെന്നത് അതില്‍ ചിലത് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും പിഎസ്‌സി ലിസ്റ്റില്‍നിന്നും നിയമനം ലഭിക്കാതിരുന്ന ഉദ്യോഗാര്‍ഥികളുടെ ഹരജി പരിഗണിച്ച് കഴിഞ്ഞ ഡിസംബറിലാണ് ഹൈക്കോടതി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് കെഎസ്ആര്‍ടിസിയോട് നിര്‍ദ്ദേശിച്ചത്. ഇതേ തുടര്‍ന്ന് നാലായിരത്തോളം ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇപ്പോഴും എം പാനല്‍ ജീവനക്കാര്‍ തങ്ങളെ തിരിച്ചെടുക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുകയാണ്.

Exit mobile version