ബിജെപി വ്യോമാക്രമണം രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നു; കോണ്‍ഗ്രസിനെ രാജ്യം സ്‌നേഹം പഠിപ്പിക്കാന്‍ ബിജെപി വളര്‍ന്നിട്ടില്ല: ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ ബിജെപി വളര്‍ന്നിട്ടില്ല.

Omman Chandi | Kerala News

തിരുവനന്തപുരം: ബിജെപി ഒളിഞ്ഞും തെളിഞ്ഞും ബലാക്കോട്ട് വ്യോമാക്രമണം രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ ബിജെപി വളര്‍ന്നിട്ടില്ല. ബലാകോട്ട് അക്രമണത്തെക്കുറിച്ച് പ്രതിപക്ഷം സൈന്യത്തോട് തെളിവു ചോദിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ഉമ്മന്‍ ചാണ്ടി പ്രസ്താവനയില്‍ പറഞ്ഞു.

പാകിസ്താനെതിരായ സൈനിക നടപടികൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന് പറഞ്ഞത് ഒരു ബിജെപി നേതാവാണ്. ഒളിഞ്ഞും തെളിഞ്ഞും സൈനികനടപടിയെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണ്. അത് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തിന് നേര്‍ക്ക് പ്രധാനമന്ത്രി കുതിര കയറുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബാലാക്കോട്ട് സൈനിക ആക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ തിട്ടപ്പെടുത്തിയില്ലെന്നാണു സൈനിക മേധാവികള്‍ പരസ്യമായി പറഞ്ഞത്. എന്നാല്‍ 300 ലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നു വാര്‍ത്തകള്‍ വന്നു. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അനൗദ്യോഗികമായി നല്‍കിയ വാര്‍ത്തയായിരുന്നു അതെന്നു വ്യക്തം.

ആരും അതിനെ ചോദ്യം ചെയ്തു പോലുമില്ല. എന്നാല്‍ അന്തര്‍ദേശീയ മാധ്യമങ്ങളും മറ്റും നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ നല്‍കിയ അനൗദ്യോഗിക അവകാശവാദങ്ങള്‍ ഇത് ശരിവയ്ക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Exit mobile version