സൈബര്‍ രംഗത്ത് കേരള പോലീസ് സൈബര്‍ ഡോമുമായി സഹകരിക്കാന്‍ ദുബായ് പോലീസ്

കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്

തിരുവനന്തപുരം: കേരളാ പോലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമുമായി സഹകരിക്കാന്‍ ദുബായ് പോലീസ് സന്നദ്ധത അറിയിച്ചു. കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കേരളത്തിലെ സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ സൈബര്‍ ഡോം ആസ്ഥാനത്ത് എത്തിയ ദുബായ് പോലീസ് ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയാണ് സൈബര്‍ ഡോമിന്റെ സഹകരണം കേരള പൊലീസിനോട് ആവശ്യപ്പെട്ടതെന്ന് കേരളാ പോലീസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക്, വാട്സ് അപ്പ് പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഇതിലൂടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറാനും ധാരണയായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘സൈബര്‍ രംഗത്ത് കേരള പോലീസ് സൈബര്‍ഡോമുമായി
സഹകരിക്കാന്‍ ദുബായ് പോലീസ്

സൈബര്‍ സുരക്ഷാ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായ കേരള പോലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമുമായി സഹകരിക്കാന്‍ ദുബായ് പോലീസ്. ലോക രാജ്യങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ക്രൈം കുറ്റാന്വേഷണം തുടങ്ങിയവയില്‍ സൈബര്‍ ഡോമുമായി സഹകരിക്കാനുള്ള സന്നദ്ധത ദുബായ് പോലീസ് അറിയിച്ചു.

കേരളത്തിലെ സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ സൈബര്‍ ഡോം ആസ്ഥാനത്ത് എത്തിയ ദുബായ് പോലീസ് ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയാണ് സൈബര്‍ ഡോമിന്റെ സഹകരണം കേരള പോലീസിനോട് ആവശ്യപ്പെട്ടത്.

കേരള സര്‍ക്കാര്‍ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടണര്‍ഷിപ്പില്‍ ആരംഭിച്ച സൈബര്‍ ഡോം ലോകത്ത് തന്നെ സൈബര്‍ സുരക്ഷ രംഗത്ത് ഉന്നതിയില്‍ നില്‍ക്കുന്ന സ്ഥാപനമാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുവാനും ഇത് പോലൊരു കേന്ദ്രം ദുബായ് പോലീസില്‍ ആരംഭിക്കുന്നതിനുമായാണ് ഖാലിദ് അല്‍ റസൂഖിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സൈബര്‍ ഡോം സന്ദര്‍ശിച്ചത്.

സൈബര്‍ ഡോമിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സൈബര്‍ ഡോം മേധാവി മനോജ് എബ്രഹാം ഐപിഎസ് ഇവര്‍ക്ക് വിവരിച്ചു നല്‍കി. തുടര്‍ന്നാണ് സൈബര്‍ സുരക്ഷ, ആര്‍ട്ടിഫഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ ക്രൈം സോഫ്റ്റ് വെയര്‍ ഡെവല്പമെന്റ് എന്നിവയില്‍ കേരള പോലീസിന്റെ സഹകരണം ആവശ്യപ്പെട്ടത്.

സോഷ്യല്‍മീഡിയകളായ ഫേസ്ബുക്ക്, വാട്സ് ആപ്പ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത് സാഹചര്യത്തില്‍ ഫേസ്ബുക്ക്, വാട്‌സ് ആപ്പ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഇതിലൂടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറാനും ധാരണയായിട്ടുണ്ട്.’

Exit mobile version