‘തുളസിയേട്ടന് ജീവിതം തന്നെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം’; നിരാലംബരായ വൃദ്ധ ദമ്പതികള്‍ക്ക് തലചായ്ക്കാന്‍ വീട് നിര്‍മ്മിച്ച് നല്‍കി മലപ്പുറത്തെ സിപിഐ നേതാവ്;മഹനീയ മാതൃകയ്ക്ക് ബിഗ് സല്യൂട്ട്

മലപ്പുറം: തലചായ്ക്കാന്‍ സുരക്ഷിതമായ ഒരുകൂരയില്ലാതെ നിരാലംബരായ വൃദ്ധദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി സിപിഐ നേതാവ് തുളസീദാസ് മേനോനും കുടുംബവും. രാഷ്ട്രീയം പറഞ്ഞു വോട്ട് പിടിക്കാനായി മാത്രം നടക്കുന്ന ഒരുകൂട്ടം രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ നിന്നും ഏറെ വ്യത്യസ്തനാവുകയാണ് മലപ്പുറം ജില്ല തൃക്കലങ്ങോട് പഞ്ചായത്തിലെ തുളസീദാസ് മേനോന്‍. സ്വന്തം നിലയ്ക്കാണ് നാട്ടുകാര്‍ തുളസിയേട്ടന്‍ എന്നു വിളിക്കുന്ന തുളസീദാസ് അയല്‍ക്കാരായ മാരാം തൊടി വിജയലക്ഷ്മി – മണി ദമ്പതികള്‍ക്ക് സ്വാന്തന സദനം നിര്‍മ്മിച്ച് നല്‍കിയത്.

ദിവസക്കൂലിക്കാരനായ മണി നായര്‍ തന്റെ വാര്‍ധക്യത്തിലെങ്കിലും കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്‌നത്തിനായി മിച്ചഭൂമിക്കായി അപേക്ഷിച്ച് തുളസിദാസ് മേനോനെ സന്ദര്‍ശിച്ചത്. വിവാഹിതരായ 3 പെണ്‍മക്കളില്‍ മൂത്ത മകളും കുടുംബവും ഈ വൃദ്ധകുടുംബത്തിനോടൊപ്പമാണ് കഴിയുന്നത്. ആ കുടുംബത്തിന്റെ കൂടി സ്ഥിതി പരിഗണിച്ചാണ് സ്വന്തം നിലയ്ക്ക് അവര്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള തീരുമാനം തുളസിദാസും കുടുംബവും കൈക്കൊണ്ടത്.

സിപിഐ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും, അഖിലേന്ത്യാ കിസാന്‍ സഭയുടെ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ട്രഷററുമാണ് തുളസീദാസ് മേനോന്‍. നിലമ്പൂരില്‍ ടാക്‌സ് പ്രാക്ടീഷണറായി ജോലിയും ചെയ്യുന്നുണ്ട്.

രോഗിയായ മണി നായര്‍ തൃക്കലങ്ങോട് നടുവത്ത് വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ ദിവസവേതനക്കാരനാണ്. വാര്‍ധക്യരോഗങ്ങള്‍ അലട്ടുന്ന ഭാര്യ വിജയലക്ഷ്മിയ്ക്കും മകള്‍ക്കും അവരുടെ കുടുംബത്തിനും ഏക തണലും മണി നായരാണ്. ഇവരുടെ കഷ്ടപ്പാട് തിരിച്ചറിഞ്ഞ തുളസീദാസ് അദ്ധ്യാപികയായ ഭാര്യ സുനിത, മകന്‍ നിഖില്‍ദാസ് (ഫെഡറല്‍ ബാങ്ക് അസി.മാനേജര്‍) മരുമകള്‍ അനുശ്രീ (ക്ലര്‍ക്ക്, പോലീസ് കമ്മീഷണറേറ്റ്, കോഴിക്കോട്) എന്നിവരുമായി കൂടിയാലോചിച്ചാണ് സാന്ത്വന ഭവന്‍ നിര്‍മ്മിച്ച് നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഒരു കുടുംബത്തിന് തണലാകുക എന്ന ഉദ്യമത്തിന് കുടുംബം കരുത്തോടെ കൂടെ നിന്നെന്ന് തുളസിദാസ് മേനോന്‍ പറയുന്നു.

അതേസമയം, എല്ലാവിധ സൗകര്യങ്ങളോടെയും പണി കഴിപ്പിച്ച വീട് മാര്‍ച്ച് 9ന് നടക്കുന്ന ചടങ്ങില്‍ വെച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മണി നായരുടെ കുടുംബത്തിന് കൈമാറും. സിപിഐ നേതാക്കളായ വി ചാമുണ്ണി, പിപി സുനീര്‍, പികെ കൃഷ്ണദാസ് തുടങ്ങിയവരും ചടങ്ങില്ഡസംബന്ധിക്കും.

Exit mobile version