പ്രളയത്തില്‍ നാശനഷ്ടം നേരിട്ട റാന്നിയിലെ വ്യാപാരികള്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഒരുങ്ങുന്നു

ദുരിത ബാധിതര്‍ക്ക് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ജപ്തി നോട്ടീസുകള്‍ അയക്കുകയും ചെയ്യുന്നുണ്ട്

റാന്നി: പ്രളയത്തില്‍ നാശനഷ്ടം നേരിട്ട വ്യാപാരികള്‍ വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നു. പത്തനംതിട്ട റാന്നിയിലെ വ്യാപാരികളാണ് സര്‍ക്കാര്‍ സഹായം നല്‍കാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് വ്യക്തമാക്കുന്നത്.

1200 ഓളം വ്യാപാരികളാണ് റാന്നിയില്‍ ഉള്ളത്. ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും പ്രളയത്തില്‍ വലിയ നാശനഷ്ടം ഉണ്ടായി. എന്നാല്‍, ആര്‍ക്കും സര്‍ക്കാര്‍ സഹായം എത്തിയില്ല. ദുരിത ബാധിതര്‍ക്ക് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ജപ്തി നോട്ടീസുകള്‍ അയക്കുകയും ചെയ്യുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് വ്യാപാരികളുടെ ആക്ഷന്‍ കമ്മിറ്റി മത്സരിക്കാന്‍ തീരുമാനമെടുത്തത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പിന്‍തുണയോടെയാണ് തീരുമാനം. നേരത്തെ കടാശ്വാസമെന്ന ആവശ്യം മുന്‍നിര്‍ത്തി സമരം നടത്തിയ എബി സ്റ്റീഫന്റെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

എന്നാല്‍, ഏതെങ്കിലും സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായല്ല, മത്സരിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഇക്കാര്യത്തില്‍ മത, സാമുദായിക സംഘടനകളുടെ പിന്തുണയും തേടാന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചെലവ് കണ്ടെത്താന്‍ ഭിക്ഷയെടുക്കുമെന്നും വ്യാപാരികള്‍ പറയുന്നു.

Exit mobile version