കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു

ലീനയുടെ കൈയ്യില്‍ നിന്നും പണം തട്ടാന്‍ സുഹൃത്തായ ഡോക്ടര്‍ തന്നെയാണ് വെടിവെപ്പ് ആസൂത്രണം ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ നിര്‍ണ്ണായക തെളിവ് ലഭിച്ചതായി പോലീസ്. കേസിലെ മുഖ്യ സൂത്രധാരനെ ക്രൈം ബ്രാഞ്ച് തിരിച്ചറിഞ്ഞു. ലീനയുടെ കൈയ്യില്‍ നിന്നും പണം തട്ടാന്‍ സുഹൃത്തായ ഡോക്ടര്‍ തന്നെയാണ് വെടിവെപ്പ് ആസൂത്രണം ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസിന്റെ അന്വേഷണം വഴി തെറ്റിക്കാന്‍ ഡോക്ടര്‍ ശ്രമിച്ചതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചിയിലെ തന്നെ ഡോക്ടറാണിത്. ഇതിനായി പെരുമ്പാവൂരിലെ ഗുണ്ടയേയും കൂടെ കൂട്ടി. ഈ ഗുണ്ടയ്ക്ക് മുബൈയിലെ അധോലോക നേതാവായ രവി പൂജാരിയുമായി ബന്ധമുണ്ട്. ഇരുവരും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. ലീനയുടെ ശത്രുക്കളുടെ പേരുകള്‍ പോലീസിന് നല്‍കി വിശ്വസ്തനാകാന്‍ വരെ ഡോക്ടര്‍ ശ്രമിച്ചു. എന്നാല്‍ അന്വേഷണം തനിക്ക് എതിരെ തിരിയുന്നു എന്ന് കണ്ടതോടെ ഡോക്ടര്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.

ഡിസംബര്‍ 15നാണ് ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. നടിയായ ലീനയുടെ ഉടമസ്ഥയില്‍ ഉള്ള പാര്‍ലറാണ് ഇത്.

Exit mobile version