ലോക്‌സഭാ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം വിജയം ഉറച്ച മണ്ഡലം, കുമ്മനവും സുരേഷ് ഗോപിയുമല്ല, കളത്തില്‍ ഇറങ്ങാന്‍ പോകുന്നത് കെ സുരേന്ദ്രന്‍…? ഔദ്യോഗിക പ്രഖ്യാപനത്തിനായി കാതോര്‍ത്ത് നേതൃത്വം

നേരത്തെ ശശിതരൂരിന് ബിജെപിയില്‍ നിന്നുള്ള എതിരാളിയെ തീരുമാനിക്കാന്‍ ആര്‍എസ്എസ് നടത്തിയ സര്‍വേയില്‍ കുമ്മനത്തിന്റെയും സുരേന്ദ്രന്റെയും പേരുകള്‍ മുന്നില്‍ എത്തിയിരുന്നു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് ആരാണ് മത്സരിക്കേണ്ടതെന്ന് ബിജെപി നേതൃത്വത്തിന് ഇപ്പോഴും ആശങ്ക. ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്നായിരുന്നു ആദ്യം ഉയര്‍ന്നത്. ശേഷം അത് സുരേഷ് ഗോപി എംപിയിലേയ്ക്ക് വഴിമാറി. ഇപ്പോള്‍ ഈ പേരുകളും തള്ളി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ പേരുകള്‍ ഉയര്‍ന്ന് വരികയാണ്.

കുമ്മനം രാജേന്ദ്രനെ മത്സരിപ്പിക്കുന്നതിനോട് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ താല്‍പ്പര്യമില്ലായ്മയും സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള മത്സരിക്കാനില്ലെന്ന നിലപാടും എടുത്തതോടെയാണ് നറുക്ക് സുരേന്ദ്രന് വീണത്. തിരുവനന്തപുരത്ത് ഇത്തവണ വിജയസാധ്യത ഉണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

നേരത്തെ ശശിതരൂരിന് ബിജെപിയില്‍ നിന്നുള്ള എതിരാളിയെ തീരുമാനിക്കാന്‍ ആര്‍എസ്എസ് നടത്തിയ സര്‍വേയില്‍ കുമ്മനത്തിന്റെയും സുരേന്ദ്രന്റെയും പേരുകള്‍ മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ കുമ്മനത്തെ മത്സരിപ്പിക്കാനുള്ള ആര്‍എസ്എസ് ആവശ്യത്തോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ അനുകൂലമായ ഒരു സൂചനയും നല്‍കാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് കെ സുരേന്ദ്രന്‍ മത്സരിക്കാനുള്ള സാധ്യത ഏറിയത്.

മിസോറം ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും തിരിച്ചുവിളിച്ച് കുമ്മനത്തെ മത്സരിപ്പിക്കുന്നതിന് ദേശീയ നേതൃത്വത്തിന് അതൃപ്തി ഉണ്ടായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു സുരേന്ദ്രന്റെ പേര് ഉയര്‍ന്നു വന്നത്. കുമ്മനമോ സുരേഷ് ഗോപിയോ എന്നനിലയില്‍ ചര്‍ച്ചകള്‍ നീങ്ങുന്നതിനിടെയാണ് സുരേന്ദ്രന്റെ പേര് ഉയരുന്നത്.

Exit mobile version