‘ഒരു പൂവ് ചോദിച്ചാല്‍, പൂന്തോട്ടം തന്നെ തരും ഞങ്ങള്‍ ഇന്ത്യക്കാര്‍; ഇന്ത്യയോട് കളിക്കാന്‍ നില്‍ക്കരുത്’; പാകിസ്താനെ കടന്നാക്രമിച്ച സൈന്യത്തിനെ അഭിനന്ദിച്ച് മാസ് ഡയലോഗുമായി ബാബു ആന്റണി

തൃശ്ശൂര്‍: പാകിസ്താന്‍ അധീന കാശ്മീരില്‍ കടന്നുകയറി ജയ്‌ഷെ-ലഷ്‌കര്‍ ഭീകരതാവളങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യങ്ങളുമായി രാജ്യത്തെ വിവിധ മേഖലയിലെ പ്രമുഖര്‍. പാക് ഭീകരര്‍ക്ക് ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിയില്‍ പ്രതികരണവുമായി നടന്‍ ബാബു ആന്റണിയും രംഗത്തെത്തിയിരിക്കുകയാണ്. പഞ്ച് ഡയലോഗ് ചേര്‍ത്തായിരുന്നു താരത്തിന്റെ സന്തോഷ പ്രകടനം. ‘ഒരു പൂവ് ചോദിച്ചാല്‍ ഒരു പൂന്തോട്ടം തന്നെ തരും ഞങ്ങള്‍ ഇന്ത്യക്കാര്‍..എന്നാല്‍ ഒരു പൂവ് പറിച്ചെടുത്താല്‍ പറിച്ചെടുത്തവന്റെ കുഴിമാടത്തിനു തലക്കല്‍ വെക്കുന്ന ആദ്യത്തെ പൂവായിരിക്കും അത്. ഇന്ത്യയോട് കളിക്കാന്‍ നില്‍ക്കരുത്.’-ബാബു ആന്റണി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

നേരത്തെ ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി നടനും എംപിയുമായ സുരേഷ് ഗോപിയും എത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണം നടന്ന് പന്ത്രണ്ടാം നാള്‍ 12 മിറാഷ് വിമാനങ്ങള്‍ കൊണ്ടു തന്നെ പകരം ചോദിച്ച് ഇന്ത്യയുടെ കരുത്തിനെക്കുറിച്ചെന്തു പറയുന്നുവെന്ന് സുരേഷ് ഗോപി കുറിച്ചു.

അതേസമയം, പാക് അധിനിവേശ കശ്മീരിലെ ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാംപുകളിലാണ് 1000 കിലോയോളം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. മൂന്നു ഭീകരതാവളങ്ങളില്‍ ആക്രമണം നടത്തിയ നടപടി നീണ്ടത് 21 മിനിറ്റാണെന്നാണു റിപ്പോര്‍ട്ടുകള്‍.

Exit mobile version