സംവിധായകന്‍ ലെനിന് ആദരവ്; സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ 4കെ തീയ്യേറ്റര്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും

തമ്പാന്നൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ മൂന്നാം നിലയിലാണ് തീയ്യേറ്റര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ 4കെ തീയ്യേറ്ററായ ‘ലെനിന്റെ’ പ്രവര്‍ത്തനം നാളെ ആരംഭിക്കും. തമ്പാനൂര്‍ ബസ് ടെര്‍മിനലിലാണ് ലോകോത്തര നിലവാരത്തിലുള്ള തീയ്യേറ്റര്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പേരാണ് തീയ്യേറ്ററിന് നല്‍കിയിരിക്കുന്നത്. കെഎസ്എഫ്ഡിസി ചെര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്റെ സ്വപ്നപദ്ധതിയായിരുന്നു ഇത്. അതുകൊണ്ടാണ് തീയ്യേറ്ററിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരത്ത് കെഎസ്എഫ്ഡിസിയുടെ അഞ്ചാമത്തെ തീയ്യേറ്ററാണ് ലെനിന്‍ സിനിമാസ്. തമ്പാന്നൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ മൂന്നാം നിലയിലാണ് തീയ്യേറ്റര്‍. 150 പേര്‍ക്ക് ഇരിക്കാനുള്ള സോഫാ പുഷ് ബാക്ക് സൗകര്യം, 4കെ ത്രീഡി ഡിജിറ്റല്‍ പ്രൊജക്ഷന്‍, ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റം മികച്ച സൗകര്യങ്ങളാണ് തീയ്യേറ്ററില്‍ ഒരുക്കിയിരിക്കുന്നത്.

രണ്ട് കോടി രൂപ ചെലവഴിച്ച് നാല് മാസം കൊണ്ടാണ് തീയ്യേറ്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാറിനു കീഴിലെ ആദ്യ 4കെ തീയ്യേറ്ററാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തീയ്യേറ്റര്‍ ഉദ്ഘാടനം ചെയ്യും.

Exit mobile version