വേനല്‍ കടുക്കുന്നു! തീപിടുത്തവും വര്‍ധിക്കുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; ജാഗ്രതാ നിര്‍ദേശം നല്‍കി കേരളാ പോലീസ്

തീപിടുത്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുറിപ്പിലുണ്ട്.

കൊച്ചി: വേനല്‍ കടുക്കുകയാണ്. അതോടൊപ്പം വര്‍ധിക്കുന്നത് തീപിടുത്തങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ വേണ്ച നിര്‍ദേശങ്ങളും മറ്റും നല്‍കി രംഗത്ത് വന്നിരിക്കുകയാണ് കേരളാ പോലീസ്. തീപിടുത്തത്തിന്റെ പ്രധാന കാരണം നമ്മുടെ ശ്രദ്ധയില്ലായ്മയാണ്. അശ്രദ്ധയോടെ ചെയ്യുന്ന ഒരു പ്രവൃത്തി മൂലം ഉണ്ടാകുന്നത് വലിയ നാശങ്ങളാണ്.

കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. കേരളാ പോലീസ് കുറിക്കുന്നു. തീപിടുത്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുറിപ്പിലുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

തീപിടിത്തങ്ങള്‍ക്കെതിരെ ജാഗ്രത വേണം

വേനല്‍ചൂട് ശക്തിപ്രാപിച്ചതോടെ പലയിടത്തും തീപിടിത്തങ്ങള്‍ വര്‍ദ്ധിക്കുകയാണ്.
കഴിഞ്ഞ 55 ദിവസത്തിനിടെ സംസ്ഥാനത്തെ ചെറുതും വലുതുമായ 567 തീപിടിത്തങ്ങള്‍ ഉപഗ്രഹകണ്ണുകളില്‍ പതിഞ്ഞതായ വാര്‍ത്തയും പുറത്തു വന്നിരിക്കുന്നു.
തീപിടിത്തങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മലയോര മേഖലകളിലെ ഏറ്റവും വലിയ ഭീഷണിയാണ് കാട്ടുതീ. പലപ്പോഴും മനുഷ്യ നിര്‍മിത അപകടങ്ങളാണ് ഇത്തരം തീപിടിത്തങ്ങള്‍. അശ്രദ്ധയും അവിവേകവുമാണ് ഈ അപകടങ്ങളിലേക്ക് നയിക്കുന്നത്. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലര്‍ത്തണം. കാട്ടുതീ പടര്‍ന്നാല്‍ വിവരം അറിയിക്കാന്‍ വഴിയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നമ്പരും രേഖപ്പെടുത്തിയിട്ടുണ്ട്.

പട്ടണ പ്രദേശങ്ങളിലാണ് ചെറു തീപിടിത്തങ്ങള്‍ കൂടുന്നത്. കൂട്ടിയിട്ട ചപ്പുചവറും മാലിന്യവും കത്തുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം പൊതുവേ വരണ്ട കാലാവസ്ഥയില്‍ വന്‍ ദുരന്തമായി പടരാനുള്ള സാധ്യതയേറെയാണ്.

തീപിടിത്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ചപ്പു ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം. ചപ്പുചവറുകള്‍ കത്തിച്ച ശേഷം തീ പൂര്‍ണമായി അണഞ്ഞുവെന്നു ഉറപ്പുവരുത്തുക. തീ പടരാവുന്ന ഉയരത്തിലുള്ള മരങ്ങള്‍ക്കു ചുവട്ടില്‍ തീ കത്തിക്കരുത്.

അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വെള്ളം ടാങ്കുകളില്‍ സൂക്ഷിക്കുക

ഇലക്ട്രിക്ക് ലൈനുകള്‍ക്ക് താഴെ പ്രത്യേക ശ്രദ്ധവേണം

തോട്ടങ്ങളുടെ അതിരില്‍ തീ പടരാതിരിക്കാന്‍ ഫയര്‍ ബ്രേക്കര്‍ നിര്‍മ്മിക്കുക.

പുകവലിച്ച ശേഷം കുറ്റി വലിച്ചെറിയാതിരിക്കുക. (അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയില്‍ നിന്നും തീ പടര്‍ന്നാണ് പലപ്പോഴും വലിയ അപകടങ്ങള്‍ ഉണ്ടാകുന്നത്)

സ്ഥാപനങ്ങളില്‍ അഗ്‌നിശമന ഉപകരണങ്ങള്‍ പ്രവര്‍ത്ത സജ്ജമെന്ന് ഉറപ്പാക്കുക

പാചകവാതക സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍ കനത്ത ജാഗ്രത പാലിക്കുക. പാചകം കഴിഞ്ഞാലുടന്‍ ബര്‍ണര്‍ ഓഫാക്കുക

അഗ്‌നിശമനസേനയെ വിളിക്കുമ്പോള്‍ കൃത്യമായ സ്ഥലവിവരങ്ങളും ഫോണ്‍ നമ്പറും നല്‍കുക.

Exit mobile version