വാഹനങ്ങളുടെ ഹോണ്‍ മുഴക്കങ്ങള്‍ അവള്‍ക്ക് താരാട്ട് പാട്ടായി കാണും, ബ്രഹ്മപുരത്തെ വിഷപ്പുക സ്വപ്നത്തിലൂടെ ഓടിക്കളിക്കാനുള്ള മഞ്ഞുപ്പാടങ്ങളാവാം, അവളുറങ്ങുകയാണ്.. എന്റെയും… നമ്മുടേയും ഉറക്കം നഷ്ടപ്പെടുത്തി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

കൊച്ചി: അവളുറങ്ങുകയാണ്… കാതടപ്പിക്കുന്ന ഹോണടികളില്‍ ഞെട്ടിയുണരാതെ, തുളച്ചു കയറുന്ന വിഷപ്പുകയില്‍ അസ്വസ്ഥയാകാതെ… അന്തിയുറങ്ങാന്‍ കൂരയില്ലാത്തവന്റെ അവസ്ഥയാണ് ആ കുഞ്ഞിനും.. മാരകമായ വിഷപ്പുക കൊച്ചി നഗരത്തെ വീര്‍പ്പുമുട്ടിച്ചപ്പോഴും ആ പൈതല്‍ ഒന്നുമറിയുന്നില്ല. ്‌വള്‍ പരിചയിച്ചുപോയി ആ അന്തരീക്ഷത്തെ.

എന്നാല്‍ കാണുന്ന നമ്മുടെ കണ്ണ് നിറയും, ഹൃദയം വേദനിക്കും ആ കാഴ്ച കണ്ടാല്‍.. മനോരമ ന്യൂസ് ക്യാമറാമാന്‍ മഹേഷ് പോലൂരിന്റെ ക്യാമറക്കണ്ണുകളാണ് ഈ ആ നെഞ്ചുലയ്ക്കുന്ന കാഴ്ച ഒപ്പിയെടുത്തത്. നഗരത്തിരക്കിനു നടുവില്‍ ഒരു കുടത്തണലിനു കീഴെ ഒന്നുമറിയാതെ ഉറങ്ങുന്ന കുഞ്ഞ്.

മാലിന്യങ്ങള്‍ തീപടര്‍ന്ന് കൊച്ചി പുകനഗരമാകുമ്പോള്‍ ജീവിക്കാനായി ആക്രി ശേഖരിക്കാനിറങ്ങിയ യുവാവിനൊപ്പമാണ് ഈ കുഞ്ഞുമകളെ കണ്ടത്. രാവിലെ നല്ല ഉറക്കമാണ് കുഞ്ഞ്. ജോലിക്കിറങ്ങുമ്പോള്‍ ആക്രി ശേഖരിക്കാനുള്ള വണ്ടിയില്‍ ഒരു തുണി വലിച്ചുകെട്ടി കുഞ്ഞിനെ അതിനുള്ളില്‍ കിടത്തിയാണ് ഈ അച്ഛന്‍ ജോലിക്കിറങ്ങുന്നത്. വെയിലും കാറ്റും ഏല്‍ക്കാതെ കുഞ്ഞിനുറങ്ങാന്‍ ഒരു കുടയും ആ അച്ഛന്‍ കരുതിവയ്ക്കും. എന്നാല്‍ കൊച്ചിയിലെ ഈ പുകയില്‍ നിന്നും കുഞ്ഞിനെ കാക്കാനുള്ള കരുത്ത് അച്ഛന്റെ കുടയ്ക്കില്ല എന്നതാണ് സത്യം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

“കൺമണിയുറങ്ങുന്നു…. കണ്ണ് നിറയുന്നു ”
രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ദേവിക്കുട്ടിക്ക് പരിഭവമായിരുന്നു…. ഞാനവളെ കൊഞ്ചിച്ചില്ലാന്നും പറഞ്ഞ് … വൈകിട്ട് മിഠായി വാങ്ങി പരിഭവം തീർക്കാം എന്നുറപ്പിച്ചാണ് ഓഫീസിലേക്കിറങ്ങിയത്… പതിവ് ബൈക്ക് യാത്ര ഒഴിവാക്കി ബസ്സിലാണ് യാത്ര… കുണ്ടന്നൂരിൽ ഷൂട്ട് ഉള്ളതിനാൽ അവിടെയിറങ്ങാം ,സഹപ്രവർത്തകർ അങ്ങോട്ടെത്തും… ബസ്സിലെ പാട്ടുപ്പെട്ടിയിൽ നിന്ന് യേശുദാസും… ചിത്രയും എന്റെ മനസ്സിനെ റൊമാന്റിക്കാക്കി കൊണ്ടിരുന്നു… വൈറ്റില കഴിഞ്ഞു…. ബ്രഹ്മപുരത്തെ വിഷപ്പുക കുണ്ടന്നൂരിനെയും പന്തലിട്ടിരുന്നു.. ബസ്സിറങ്ങി മുന്നോട്ടു നടക്കുമ്പോഴാണ് ഈ കാഴ്ച കണ്ടത് .പാഴ് വസ്തുക്കൾ ശേഖരിക്കുന്ന ഉന്തുവണ്ടിയിൽ ഒരു കുഞ്ഞ് തൊട്ടിൽ .മുഷിഞ്ഞ കൈലി മുണ്ടിലെ തൊട്ടിലിൽ ഒരു ” കുഞ്ഞു മാണിക്യം ” ഉന്തുവണ്ടിക്കരികിൽ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു , ഈ കുഞ്ഞുവാവയുടെ അച്ഛനാണ് … അയാളോട് കാര്യങ്ങൾ തിരക്കി … ഇവളുടെ അമ്മ മറ്റൊരു ഉന്തുവണ്ടിയുമായി രാവിലെയിറങ്ങി… “ഇതെല്ലാതെ വേറെ വഴിയില്ലാതെപ്പോയി ചേട്ടാ…. ”
കുണ്ടന്നൂരിലെ വാഹനങ്ങളുടെ ഹോൺ മുഴക്കങ്ങൾ അവൾക്ക് താരാട്ട് പാട്ടായി കാണും…. ബ്രഹ്മപുരത്തെ വിഷപ്പുക സ്വപ്നത്തിലൂടെ ഓടിക്കളിക്കാനുള്ള മഞ്ഞുപ്പാടങ്ങളാവാം….. അവളുറങ്ങുകയാണ് …. എന്റെയും… നമ്മുടേയും ഉറക്കം നഷ്ടപ്പെടുത്തി …. കൺമണിയുറങ്ങട്ടെ…. നമ്മുടെ കണ്ണ് നിറച്ച് …

Exit mobile version