എച്ച്1എന്‍1; ആശങ്ക വേണ്ട, പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

എച്ച്1 എന്‍1 ബാധയെ നവോദയ സ്‌കൂളിലെ 80 കുട്ടികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്

കാസര്‍കോട്: പെരിയ നവോദയ സ്‌കൂളിലെ കുട്ടികള്‍ക്ക് എച്ച്1എന്‍1 ബാധ കണ്ടെത്തിയതില്‍ ആശങ്ക വേണ്ടെന്നും പനി നിയന്ത്രണ വിധേയമാണെന്നും പക്ഷേ ജാഗ്രത വേണമെന്നും ആവശ്യമായ ഇടപെടലുകള്‍ ആരോഗ്യവകുപ്പ് നടത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

അതേ സമയം ആരോഗ്യവകുപ്പ് കാസര്‍കോട് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കാഞ്ഞങ്ങാട് വെച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക യോഗം ചേരുന്നുണ്ട്.

എച്ച്1 എന്‍1 ബാധയെ നവോദയ സ്‌കൂളിലെ 80 കുട്ടികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സ്‌കൂളിലെ കുട്ടികള്‍ക്ക് രണ്ട് ദിവസം മുമ്പാണ് എച്ച്1എന്‍1 പനി സ്ഥിരീകരിച്ചത്. അഞ്ച് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഭൂരിഭാഗം കുട്ടികളും അധ്യാപകരും സ്‌കൂളിന്റെ ഹോസ്റ്റലില്‍ തന്നെയാണ് താമസം. അതുകൊണ്ട് തന്നെ അധ്യാപകരിലേക്കും മറ്റ് ജീവനക്കാരിലേക്കും പനി പടരുമോ എന്ന ആശങ്കയിലാണ് സ്‌കൂള്‍ അധികൃതര്‍. ഈ സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. അതേസമയം എച്ച്1എന്‍1 ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Exit mobile version