ഒരു മിനിറ്റ് വൈകിയോടി; തര്‍ക്കം മൂത്തതോടെ സ്വകാര്യ ബസ് ഉടമയെയും മകനെയും തീ കൊളുത്തി കൊല്ലാന്‍ ശ്രമം

കൊടുങ്ങല്ലൂര്‍: സമയം തെറ്റിച്ച് സ്വകാര്യ ബസ് വൈകിയോടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ബസുടമയെയും മകനെയും തീ കൊളുത്തി കൊല്ലാന്‍ ശ്രമം. സബീന ബസ് ഉടമ കറുകപ്പാടത്ത് റഷീദ്, മകന്‍ റമീസ് എന്നിവരെയാണ് ഡീസല്‍ ദേഹത്തൊഴിച്ചു തീ കൊളുത്താന്‍ ശ്രമിച്ചത്. കൊടുങ്ങല്ലൂര്‍-അഴീക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുഹൈല്‍ ബസിന്റെ ഉടമ ആസാദിന് എതിരെ ഇവര്‍ പരാതി നല്‍കി.

സബീന ബസ് ഒരു മിനിറ്റ് വൈകി ഓടിയെന്ന പേരിലാണ് അതിക്രമത്തിനു ശ്രമിച്ചതെന്നാണ് ആക്ഷേപം. അഴീക്കോട് ലൈറ്റ് ഹൗസ് റോഡില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ബസ് വൈകിയോടിയാല്‍ പുറകേ വരുന്ന ബസില്‍ ആളെ കിട്ടുന്നില്ലെന്നു പറഞ്ഞായിരുന്നു അക്രമം.

വര്‍ക്ക്ഷോപ്പില്‍ വിശ്രമിക്കുകയായിരുന്ന ഇരുവരുടെയും ദേഹത്ത് ഡീസല്‍ ഒഴിച്ചു തീയിടാനായിരുന്നു ശ്രമമെന്നു പറയുന്നു. ബഹളം കേട്ട് വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ ഓടിയെത്തിയാണ് രക്ഷിച്ചത്. ഇതിനിടെ ആസാദ് സ്‌കൂട്ടറില്‍ കയറിപ്പോയെന്നു പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്തു. ഈ റൂട്ടില്‍ ഇടയ്ക്കിടെ ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം പതിവാണ്.

Exit mobile version