യുഡിഎഫ് ഹര്‍ത്താലില്‍ ഉണ്ടായത് മൂന്നു കോടിയിലധികം രൂപയുടെ നഷ്ടം; വ്യാപക കവര്‍ച്ചയും

കാഞ്ഞങ്ങാട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ നടത്തിയ യുഡിഎഫ് ഹര്‍ത്താലില്‍ കാസര്‍കോട് ജില്ലയില്‍ നടന്നത് മൂന്ന് കോടിയിലധികം രൂപയുടെ നഷ്ടം.

പെരിയയിലും കല്യോട്ടുമുണ്ടായ അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ 24 കേസുകളാണ് ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലയില്‍ ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമസംഭവങ്ങളില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എംസി ഖമറുദ്ദീന്‍, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ എന്നിവരില്‍നിന്ന് തുക ഈടാക്കി നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

പെരിയയിലും കല്യോട്ടും വീടുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിച്ച ക്രിമിനലുകള്‍ കൊള്ളയും തീവയ്പ്പും നടത്തി. വ്യാപകമായി പൊതുമുതല്‍ നശിപ്പിച്ചു. കല്യോട്ടെ ശാസ്താ ഗംഗാധരന്റെ വീട് തകര്‍ത്ത് തീയിട്ട് 10 പവന്‍ സ്വര്‍ണം കവര്‍ന്നു. 45 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. തകര്‍ത്ത് തീയിട്ട ഓമനക്കുട്ടന്റെ വീടിന് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇവിടെനിന്ന് മൂന്ന് ലക്ഷം രൂപയും കവര്‍ന്നു.

കല്യോട്ടെ വ്യാപാരി വത്സരാജിന്റെ മലഞ്ചരക്കു കട കത്തിച്ചു. ടിപ്പര്‍ ലോറിയും ബൈക്കും അഗ്‌നിക്കിരയാക്കി. 80 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ജയന്റെ കൂള്‍ബാര്‍ 15 ലക്ഷം, ഗംഗാധരന്റെ ഏച്ചിലടുക്കത്തെ ശാസ്താ ഫര്‍ണിച്ചര്‍ ഷോപ്പ് ആറ് ലക്ഷം, പെരിയയിലെ ഗംഗാധരന്റെ കട മൂന്ന് ലക്ഷം, പെരിയയിലെ സന്തോഷിന്റെ പഴവര്‍ഗ കട 75000 രൂപ, പീതാംബരന്റെ കാര്‍ അഞ്ച് ലക്ഷം രൂപ, പെരിയയിലെ വിജയന്റെ ഓട്ടോറിക്ഷ 50,000, ബാബുവിന്റെ ബൈക്ക് 65000, തമ്പായിയമ്മയുടെ വീട് അഞ്ചുലക്ഷം, വിദ്യയുടെ വീട് ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് നാശനഷ്ടത്തിന്റെ കണക്ക്.

പെരിയയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് കത്തിച്ച് 50 ലക്ഷം രൂപയുടെയും കല്യോട്ടെ മുത്തുനായര്‍ സ്മാരക മന്ദിരം തകര്‍ത്ത് 15 ലക്ഷം രൂപയുടെയും നഷ്ടമുണ്ടാക്കി. പെരിയ റെഡ്‌സ്റ്റാര്‍ ക്ലബ്ബിന് മാത്രം നാലുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്.

പെരിയ റെഡ് സ്റ്റാര്‍ ക്ലബ്, ഇതിനകത്ത് പ്രവര്‍ത്തിക്കുന്ന എകെജി ഗ്രന്ഥാലയത്തിലെ നാലായിരത്തിലധികം പുസ്തകങ്ങള്‍, അലമാരകള്‍ എന്നിവയെല്ലാം അഗ്നിക്കിരയാക്കി. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. പെരിയയിലെ ദിനേശ് ബീഡി ബ്രാഞ്ച് കെട്ടിടവും പെരിയ വനിതാ സര്‍വീസ് സഹകരണ സംഘവും തകര്‍ത്തു.

Exit mobile version