രോഗിയുമായി പായുന്ന ആംബുലന്‍സിനു വഴികൊടുക്കാതെ ബുള്ളറ്റില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവ് പിടിയില്‍

ആംബുലന്‍സിനു സൈഡ് കൊടുക്കാതെ ബുള്ളറ്റ് ഓടിക്കുന്ന ആദര്‍ശിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.

കൊല്ലം; അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലന്‍സിനു വഴികൊടുക്കാതെ ബുള്ളറ്റില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. കായംകുളം കണ്ടല്ലൂര്‍ സ്വദേശി ആദര്‍ശാണ് പിടിയിലായത്. ആംബുലന്‍സിനു സൈഡ് കൊടുക്കാതെ ബുള്ളറ്റ് ഓടിക്കുന്ന ആദര്‍ശിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.

എറണാകുളത്ത് നിന്ന് ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തിന്റെ വാഹനവും വാങ്ങി കായംകുളത്തെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ആദര്‍ശ്. തിരികെ എറണാകുളത്തേക്ക് വരുമ്പോഴാണ് ആംബുലന്‍സ് കടത്തിവിടാതെ അഭ്യാസം നടത്തിയത്. ഇയാള്‍ക്ക് ലൈസന്‍സ് പോലുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുള്ളറ്റില്‍ യുവാവ് റോഡില്‍ അഭ്യാസം കാണിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഏറെ നേരം ആംബുലന്‍സിനു കടന്നു പോകാന്‍ ഇട നല്‍കാതെ പായുകയായിരുന്നു ബുള്ളറ്റ്. ആംബുലന്‍സ് ഡ്രൈവര്‍ പലതവണ ഹോണ്‍ അടിച്ചിട്ടും ഇയാള്‍ വകവെയ്ക്കുന്നുണ്ടായിരുന്നില്ല.

കെഎസ്ആര്‍ടി ബസുകളടക്കം ആംബുലന്‍സിന് കടന്നുപോകാന്‍ വഴിയൊരുക്കുമ്പോള്‍ ആ വശത്തുകൂടി തന്നെ മുന്നോട്ടുപോകാനാണ് ബുള്ളറ്റ് യാത്രികന്റെ ശ്രമമെന്നും വീഡിയോയില്‍ കാണാം. ആംബുലന്‍സില്‍ ഉണ്ടായിരുന്നയാളാണ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.

Exit mobile version