സന്ദീപാനന്ദഗിരി ഭാഗ്യവാന്‍; സാധാരണ സംഘപരിവാര്‍ കൊല്ലുകയാണ് പതിവ്; ആക്രമണത്തെ അപലപിച്ച് എം സ്വരാജ്

കൊച്ചി: സ്വാമി സന്ദീപാനന്ദഗിരിക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ പ്രതികരിച്ച് എം സ്വരാജ് എംഎല്‍എ രംഗത്ത്. സ്വാമി സന്ദീപാനന്ദഗിരി ഒരു തരത്തില്‍ ഭാഗ്യവാനാണെന്നും എതിര്‍പ്പുള്ളവരെ കൊല്ലുകയാണ് സംഘപരിവാറിന്റെ പതിവെന്നും സ്വരാജ് പറഞ്ഞു. വിയോജിപ്പുള്ളവരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നതിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഭാരതീയ ദര്‍ശനം സംബന്ധിച്ച് ലോകം മുഴുവന്‍ പ്രഭാഷണം നടത്തുന്ന വ്യക്തിയാണ് സ്വാമി സന്ദീപാനന്ദഗിരി. ദിവസങ്ങളായി അദ്ദേഹത്തിനെതിരെ നടക്കുന്നത് ഹീനമായ ആക്രമണവും വ്യക്തിഹത്യയുമാണ്. ഇതിന് നേതൃത്വം നല്‍കുന്നത് സംഘപരിവാറിന്റെ നേതാക്കളും. സന്ദീപാനന്ദഗിരി നമ്മുടെ രാജ്യത്തിന്റെ ശത്രുവല്ല. സംഘപരിവാറിന് അതീതമായ നിലപാട് സ്വീകരിക്കുന്നതിന്റെ പേരില്‍ ഒരു സന്യാസിവര്യനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ്.

അഭിപ്രായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് വേണ്ടത്. ഭയപ്പെടുത്തിയും ആക്രമിച്ചും ആശയങ്ങളെ ഇല്ലാതാക്കാനാകില്ല. ഇതു കേരളത്തെ സംബന്ധിച്ച് വച്ചു പൊറുപ്പിക്കാനാകാത്ത പാതകമാണെന്നും സ്വരാജ് ആരോപിച്ചു.

Exit mobile version