കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ക്ക് ആശ്വാസമേകാന്‍ രാഹുലിന്റെ ഫോള്‍ കോളെത്തി; നെഞ്ച് തകര്‍ന്ന് വിങ്ങിപ്പൊട്ടി കൃഷ്ണനും സത്യനാരായണനും

കാസര്‍കോട്: പെരിയില്‍ രാഷ്ട്രീയ വൈര്യത്തിന്റെ കൊലക്കത്തിക്ക് ഇരയായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ക്ക് ആശ്വാസം പകരാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഫോണ്‍കോളെത്തി. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് രാഹുലിന്റെ ഫോണ്‍വിളിയെത്തിയത്.

രാഹുലിനോട് സംസാരിക്കുന്നതിനിടെ മക്കള്‍ നഷ്ടപ്പെട്ട സങ്കടം താങ്ങാനാകാതെ കൃഷ്ണനും സത്യനാരായണനും വിങ്ങിപ്പൊട്ടി. ഇതിനിടെ ഇടറിയ ശബ്ദത്തില്‍, കോണ്‍ഗ്രസ് നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് രാഹുല്‍ ഇരുവരേയും അറിയിച്ചു. കേരളത്തില്‍ എത്തുമ്പോള്‍ പെരിയയിലെ വീട്ടിലെത്തുമെന്നും രാഹുല്‍ ഇരുവര്‍ക്കും ഉറപ്പ് നല്‍കി. രാഹുലിന്റെ വാക്കുകള്‍ കേട്ട് കൃഷ്ണനും സത്യനാരായണനും മുഖംപൊത്തി കരഞ്ഞു.

ഡിസിസി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയാണ് രാഹുലിന്റെ സംഭാഷണം മലയാളത്തിലേക്ക് തര്‍ജമചെയ്തുകൊടുത്തത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ ഫോണില്‍ നിന്നും ജില്ലാ യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായരുടെ ഫോണിലേക്കാണ് രാഹുല്‍ വിളിച്ചത്. രണ്ടുപേരുടെയും കൈയില്‍ ഫോണ്‍ കൊടുക്കാന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. അപ്പോഴേക്കും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പൊട്ടിക്കരഞ്ഞു പോയി. ശരത്ത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ കൃഷ്ണനെ ചേര്‍ത്തുപിടിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്റെ ആശ്വാസവാക്കുകള്‍ക്കിടെ അദ്ദേഹവും കരഞ്ഞു പോയി.

ഞായറാഴ്ച രാത്രിയാണ് അക്രമിസംഘത്തിന്റെ വെട്ടേറ്റ് കൃപേഷും ശരത്തും മരിച്ചത്. കൃപേഷ് സംഭവസ്ഥലത്തും ശരത് മാംഗ്ലൂരിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

Exit mobile version