പ്ലസ്ടുകാരി ചേച്ചിയോടൊപ്പം പോകവെ യുകെജി വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ചേച്ചിയുടെ സമയോചിതമായ ഇടപെടലില്‍ പെണ്‍കുട്ടികള്‍ക്ക് രക്ഷ!

കുറുപ്പന്തറ: സ്‌കൂളിലേക്ക് പോകാന്‍ ചേച്ചിക്കൊപ്പം സ്‌കൂള്‍ വാഹനം കാത്തുനിന്ന യുകെജി വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമം. ചേച്ചിയുടെ സമയോചിതമായ ഇടപെടലില്‍ അനിയത്തിയ്ക്ക് രക്ഷ. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ ഇരുവരും നാട്ടുകാരുടെ സഹായത്തോടെയാണ് സുരക്ഷിതമായത്. പെണ്‍കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികള്‍ ഓടി എത്തിയതോടെ കാറിലെത്തിയ സംഘം രക്ഷപ്പെടുകയായിരുന്നു.

ഇന്നലെ രാവിലെ ഒന്‍പതോടെ കുറുപ്പന്തറയിലാണു സംഭവം. നസ്രത്ത് ഹില്‍ ഡി പോള്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയെയാണു കാറില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ചേച്ചിക്കൊപ്പം ജങ്ഷനു സമീപം സ്‌കൂള്‍ വാഹനം കാത്തുനില്‍ക്കുമ്പോള്‍ കുറുപ്പന്തറ ഭാഗത്തു നിന്നു കാര്‍ ഇവരുടെ അരികിലൂടെ കടന്നുപോയി. അല്‍പസമയം കഴിഞ്ഞപ്പോള്‍ കാര്‍ തിരികെ വന്ന് ഇവരുടെ അരികില്‍ നിര്‍ത്തി. കുട്ടിയെ കാറില്‍ കയറ്റി കറക്കിക്കൊണ്ടുവരാമെന്നു പറഞ്ഞ് കാറിലേക്കു കയറാന്‍ ചേച്ചിയോടു ഡ്രൈവിങ് സീറ്റിലിരുന്ന ആള്‍ ആവശ്യപ്പെട്ടു.

ഇയാള്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയതോടെ ചേച്ചി നിലവിളിച്ചുകൊണ്ട് അനിയത്തിയെയും കൂട്ടി അടുത്തള്ള വീട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. വീട്ടുകാര്‍ റോഡിലേക്ക് ഓടിവന്നതോടെ കാര്‍ അതിവേഗം കോതനല്ലൂര്‍ ഭാഗത്തേക്ക് ഓടിച്ചുപോയി. പേടിച്ചരണ്ട കുട്ടികള്‍ ഇരുവരും ഇന്നലെ സ്‌കൂളില്‍ പോയില്ല. മാതാപിതാക്കള്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തില്‍ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്‌ഐ മിറാഷ് ജോണ്‍ അറിയിച്ചു.

പെണ്‍കുട്ടി നല്‍കിയ കാറിന്റെ നമ്പര്‍ പരിശോധിച്ചതില്‍ ആലപ്പുഴ കായംകുളം സ്വദേശിയുടേതാണു കാറെന്നു സൂചന ലഭിച്ചിട്ടുണ്ട്.

Exit mobile version