പോഷകാഹാരക്കുറവ് പരിഹരിച്ചെങ്കിലും അട്ടപ്പാടിയില്‍ നവജാത ശിശുക്കള്‍ക്ക് ഭീഷണിയായി ആരോഗ്യപ്രശ്‌നങ്ങള്‍..! മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ ശിശുക്കളുടെ മരണം ഒരു തുടര്‍ക്കഥയായിരുന്നു എന്നാല്‍ ആ പ്രശ്‌നത്തിന് അല്‍പമൊന്ന് ആശ്വാസം കിട്ടിയപ്പോള്‍ കുട്ടികളെ വേട്ടയാടുന്നത് മറ്റു പല കാരണങ്ങളുമാണ്. കഴിഞ്ഞദിവസം 2 കുട്ടികള്‍ക്കാണ് ദാരുണാന്ത്യം ഉണ്ടാത്. മറ്റുപലകാരണങ്ങളാലും ഈ മേഖലയില്‍ കുഞ്ഞുങ്ങള്‍ക്ക് മരണം സംഭവിക്കുന്നു.

കളളക്കര ഊരിലെ രേവതി മുരുകന്‍ ദമ്പതികളുടെ പതിനേഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞ് മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങിയാണ് മരിച്ചത്. ചിണ്ടക്കി ഊരിലെ പാര്‍വതി വിജയകുമാര്‍ ദമ്പതികള്‍ക്ക് ജനിച്ച ഇരട്ടക്കുട്ടികളില്‍ 16 ദിവസം പ്രായമായ പെണ്‍കുഞ്ഞിന് ജന്മനാ തൂക്കക്കുറവുണ്ടായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രണ്ടാമത്തെ കുഞ്ഞിന്റെ മരണം. ഇതോടെ ഈ വര്‍ഷം ഇതുവരെ പത്ത് ശിശുമരണം നടന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഈമാസം 13 ന് ചിണ്ടക്കിയില്‍ ആറു ദിവസം പ്രായമായ കുട്ടിയും 15 ന് മഞ്ചിക്കണ്ടിയില്‍ 35 ദിവസം പ്രായമായ കുട്ടിയും മരിച്ചിരുന്നു.

ആന്തരീകാവയവങ്ങളില്‍ ജന്മനാലുളള വൈകല്യം കാരണം നാലു കുട്ടികളും മരിച്ചു. പോഷകാഹാരക്കുറവ് പരിഹരിച്ചെങ്കിലും വൈകല്യങ്ങളോടെയും ശരിയായ പരിചരണമില്ലാതെയും കുഞ്ഞുങ്ങള്‍ മരിക്കുന്നതാണ് വെല്ലുവിളി. കുട്ടികളുടെ മരണത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തേടിയതായി മന്ത്രി എകെ ബാലന്‍ അറിയിച്ചു.

Exit mobile version