പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് പ്രതിയായ നേതാവില്‍ നിന്ന് നോട്ടുമാല സ്വീകരിച്ച് മുല്ലപ്പള്ളി.! ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരിപാടി ബഹിഷ്‌കരിച്ചു; പ്രതിഷേധം

തൃശൂര്‍: ഇന്നലെ തൃപ്രയാറില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വ്യാപക പ്രതിഷേധം ഉണ്ടായി. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് പ്രതിയാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവില്‍ നിന്നും മുല്ലപ്പള്ളി രാമചമന്ദ്രന്‍ നോട്ടുമാല സ്വീകരിച്ചതാണ് കോണ്‍ഗ്രസിലെ ഒരു കൂട്ടം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഇവര്‍ പരിപാടി ബഹിഷ്‌കരിച്ച് പോവുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവും തളിക്കുളം ബ്‌ളോക്ക് പഞ്ചായത്തംഗവുമായ കെജെ യദുകൃഷ്ണനാണ് മുല്ലപ്പള്ളിയെ നോട്ടുമാല അണിയിച്ചത്.

കുറച്ച് മാസം മുമ്പ് പ്രതിയാക്കപ്പെട്ട യദുകൃഷ്ണനെതിരെ കെഎസ്‌യുവിന്റെ സജീവ പ്രവര്‍ത്തകയായ പെണ്‍കുട്ടി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ ഒരു നടപടിയുമുണ്ടായില്ല. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കും പരാതി അയച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വലപ്പാട് പൊലീസ് കേസെടുക്കുകയും ഇയാള്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജാമ്യം നേടിയ യദുകൃഷ്ണന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചു. അടുത്ത ദിവസം കോടതി കേസ് പരിഗണിക്കും. ഇതിനിടെ മുല്ലപ്പള്ളി നോട്ട് മാല സ്വീകരിച്ചതിനെതിരെയും പോലീസിന് പരാതി ലഭിച്ചു. റിസര്‍വ് ബാങ്കിന്റെ ഉത്തരവനുസരിച്ച് നോട്ടുമാല അണിയിക്കുന്നതും നോട്ടില്‍ എഴുതുന്നതും ചുക്കിച്ചുളിക്കുന്നതുമെല്ലാം ക്രിമിനല്‍ കുറ്റമാണ്.

ജനപ്രതിനിധിയും ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാവുമായ മുല്ലപ്പള്ളി നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ടു നിന്നുവെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ സുജോബി ജോസ് ആണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

Exit mobile version