ബാര്‍ കോഴ കേസ്: വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ഇതുവരെ കേസ് അന്വേഷിച്ചത് സത്യസന്ധമായാണെന്നും ഹൈക്കോടതിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൊച്ചി: ബാര്‍കോഴ കേസിലെ തുടരന്വേഷണം സംബന്ധിച്ച് കെഎം മാണിയും വിഎസ് അച്യുതാനന്ദനും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് കെഎം മാണിയുടെ ആവശ്യം.

ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുവരെ കേസ് അന്വേഷിച്ചത് സത്യസന്ധമായാണെന്നും ഹൈക്കോടതിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ കേസ് തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് വിഎസ് അച്യുതാനന്ദന്റെ ഹര്‍ജി. ബാര്‍ കോഴക്കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുന്‍കൂര്‍ അനുമതി വ്യവസ്ഥയില്ലെന്നുമാണ് വിഎസിന്റെ വാദം. കേസിലെ തുടരന്വേഷണം വൈകുകയാണെന്നും അച്യുതാനന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

Exit mobile version