ഡല്‍ഹിലെ തീപിടുത്തം;മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

ഡല്‍ഹിയിലെ ഹോട്ടലിനു തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ച മലയാളികളായ അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. ഡല്‍ഹിയിലെ ബന്ധുക്കളെല്ലാം എത്തിയ ശേഷമാണ് സംസ്‌കാരം നടന്നത്.

കൊച്ചി: ഡല്‍ഹിയിലെ ഹോട്ടലിനു തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ച മലയാളികളായ അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. ഡല്‍ഹിയിലെ ബന്ധുക്കളെല്ലാം എത്തിയ ശേഷമാണ് സംസ്‌കാരം നടന്നത്.

രാവിലെ 8.15ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ നെടുമ്പാശ്ശേരിയയിലെത്തിച്ച മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം 8.35 ഓടെ ചേരാനല്ലൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. 17 പേര്‍ മരിച്ച അപകടത്തില്‍ എറണാകുളം ചേരാനല്ലൂര്‍ രാമന്‍കര്‍ത്താ റോഡില്‍ പരേതനായ ചന്ദ്രന്‍പിള്ളയുടെ ഭാര്യ നളിനിയമ്മ മക്കളായ പിസി വിദ്യാസാഗര്‍, പിസി ജയശ്രീ എന്നിവരാണ് മരിച്ച മലയാളികള്‍.

ഒപ്പമുണ്ടായിരുന്ന ഇവരുടെ ബന്ധുക്കളായ 10 പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. ഇവരില്‍ രണ്ടുപേര്‍ മാത്രമാണ് മൃതദേഹത്തിനൊപ്പം കൊച്ചിയില്‍ എത്തിയത്. ശേഷിച്ചവര്‍ പിന്നാലെ എത്തിച്ചേരുകയായിരുന്നു.

നെടുമ്പാശ്ശേരിയില്‍ നിന്നും ചേരാനല്ലൂരിലെ തറവാട് വീട്ടില്‍ എത്തിച്ച മൃതദേഹങ്ങളില്‍ അന്ത്യജ്ഞലി അര്‍പ്പിക്കുവാനായി സമീപവാസികളും ബന്ധുക്കളും അടക്കം വന്‍ ജനാവലിയാണു എത്തിച്ചേര്‍ന്നത്. നളിനിയമ്മയുടെയും വിദ്യാസാഗറിന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. തുടര്‍ന്നു ജയശ്രീയുടെ മൃതദേഹം ചോറ്റാനിക്കരയിലേക്കു കൊണ്ടുപോയി. ചോറ്റാനിക്കര കണയന്നൂര്‍ പഴങ്ങനാട് ഉണ്ണികൃഷ്ണന്റെ (അബുദാബി) ഭാര്യയാണ് ജയശ്രീ.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയാണു തീപിടിത്തം ഉണ്ടായത്. നളിനിയമ്മയുടെ ഇളയസഹോദരിയുടെ കൊച്ചുമകളുടെ കല്യാണത്തില്‍ പങ്കെടുക്കാനായി എറണാകുളത്തുനിന്നു യാത്ര തിരിച്ചവരാണ് അപകടത്തില്‍പ്പെട്ട മലയാളികള്‍. അടുത്ത ബന്ധുക്കളായ 14 പേര്‍ ഇവരുടെ സംഘത്തിലുണ്ടായിരുന്നു.

Exit mobile version