‘നിയമം പാലിക്കാന്‍ അവരോട് നിങ്ങള്‍ പറയൂ, ശാസിക്കൂ, അപേക്ഷിക്കൂ’ ! വാഹനാപകടങ്ങള്‍ തടയാന്‍ സൈക്കിളില്‍ പോലീസുകാരന്റെ കേരള യാത്ര

14 ദിവസം കൊണ്ട് 14 ജില്ലകളിലായി 1645 കിലോമീറ്റര്‍ സഞ്ചരിക്കുയാണ് നാല്‍പതുകാരനായ ഷാജഹാന്റെ ലക്ഷ്യം.

കൊല്ലം; വാഹനാപകടങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി കൊല്ലം കുണ്ടറ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷാജഹാന്‍ സൈക്കിള്‍ ചവിട്ടുകയാണ്. 14 ദിവസം കൊണ്ട് 14 ജില്ലകളിലായി 1645 കിലോമീറ്റര്‍ സഞ്ചരിക്കുയാണ് നാല്‍പതുകാരനായ ഷാജഹാന്റെ ലക്ഷ്യം.

‘ കണ്ണുതുറക്കേണ്ടത് വാഹനം ഓടിക്കുന്നവരുടെ വീട്ടുകാരുടെയും സുഹൃത്തുകളുടെയുമാണ്. നിയമം പാലിക്കാന്‍ അവരോട് നിങ്ങള്‍ പറയൂ, ശാസിക്കൂ, ആജ്ഞാപിക്കൂ, അപേക്ഷിക്കൂ, കല്‍പിക്കൂ, കരഞ്ഞു പറയൂ.’ ഷാജഹാന്റെ അപേക്ഷയാണിത്.

ശനിയാഴ്ച കുണ്ടറയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് ഷാജഹാന്റെ ജീവന്‍ രക്ഷായാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. വീട്ടില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനിലേക്ക് മൂന്നുവര്‍ഷമായി സൈക്കിള്‍ ചവിട്ടിയെത്തുന്ന അനുഭവത്തിന്റെ കരുത്തിലാണ് ഷാജഹാന്‍ ജീവന്‍രക്ഷാ യാത്രക്കിറങ്ങിയത്.

സൈക്കിളിന്റെ മുന്നിലും പിന്നിലും ബോധവത്കരണ സന്ദേശങ്ങള്‍ എഴുതിവച്ചുകൊണ്ടാണ് സൈക്കിള്‍ യാത്ര. പ്രധാനകേന്ദ്രങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവാദം തുടങ്ങിയവയാണ് ഷാജഹാന്‍ ലക്ഷ്യമിടുന്നത്.

വാഹന പരിശോധനയ്ക്കിടെ നിയമലംഘനം തുടരുന്നത് കണ്ടാണ് ഷാജഹാന്‍ സൈക്കിള്‍ യാത്രയ്ക്ക് തയ്യാറായത്. അപകടമരണത്തിന്റെ കണക്കുകള്‍ ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ജോലിയില്‍ നിന്നും അവധിയെടുത്താണ് ഷാജഹാന്‍ കേരള യാത്ര തുടങ്ങിയത്. വാഹനം ഓടിക്കുന്നവരുടെ ചെറിയ അശ്രദ്ധ അവരുടെ ജീവനൊപ്പം എതിരേ വരുന്ന നിരപരാധിയെയും അപകടത്തിലാക്കും. അല്പം ശ്രദ്ധിച്ചാല്‍ വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാമെന്ന് ഷാജഹാന്‍ പറയുന്നു.

Exit mobile version