മലപ്പുറത്തു നിന്നും കാശ്മീരിലേക്ക് സൈക്കിളില്‍: സ്വപ്നത്തെ യാഥാര്‍ഥ്യമാക്കി 21 കാരി സഹല

മലപ്പുറം: കാശ്മീരിലെ മഞ്ഞുമലകളുടെ മനംമയക്കുന്ന കാഴ്ച ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. സ്വപ്‌നമായ ആ മനോഹര കാഴ്ചകളെ നേരില്‍ കാണാന്‍ സൈക്കിളില്‍ പുറപ്പെട്ടിരിക്കുകയാണ് മലപ്പുറം അരീക്കോട്ടുകാരി സഹല.

സൈക്കിളിലും ബൈക്കിലുമായി യാത്രകള്‍ നടത്തി പരിചയമുള്ള മഷ്ഹൂര്‍ ഷാനും മുഹമ്മദ് ഷാമിലുമാണ് സൈക്കിള്‍ യാത്രയില്‍ സഹലയ്‌ക്കൊപ്പമുള്ളത്. തിങ്കളാഴ്ച അരീക്കോട് പോലീസ് സ്റ്റേഷനില്‍ നിന്ന് അവര്‍ യാത്ര തുടങ്ങി.

ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ തച്ചണ്ണ സ്വദേശി സക്കീര്‍ ഹുസൈന്‍ -ഹഫ്‌സത്ത് ദമ്പതികളുടെ മൂത്തമകളാണ് 21 കാരിയായ സഹല. സ്വന്തം അധ്വാനത്തില്‍ ഒരു സൈക്കിള്‍ വാങ്ങി, ആ സൈക്കിള്‍ ചവിട്ടി കാശ്മീരിലേക്കുള്ള തന്റെ സ്വപ്നയാത്ര പോകുന്ന സന്തോഷത്തിലാണ് ഈ 21കാരി.

കേരളത്തില്‍ നിന്ന് ആദ്യമാണ് ഒരു പെണ്‍കുട്ടി സൈക്കിളില്‍ ഇത്രയും ദൂരം സഞ്ചരിക്കുന്നത്. കശ്മീര്‍ വരെയുള്ള മൂന്നുമാസത്തെ യാത്രയില്‍ 5000 കിലോമീറ്റര്‍ സൈക്കിളോടിക്കും. ഈ യാത്ര കണ്ട് കുറേ പേര്‍ ഇതുപോലെ യാത്ര ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്ന് പിജി വിദ്യാര്‍ത്ഥിയായ സഹല പറയുന്നു.

ഈ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ സൊസൈറ്റിയുടെ പതിവ് ചോദ്യങ്ങള്‍ സഹലയും കേട്ടു. അതവര്‍ പ്രതീക്ഷിച്ചതുമാണ്. ചെറുപ്പം മുതല്‍ തന്റെ കുസൃതികള്‍ക്ക് കരുത്തായി നിന്ന ഉപ്പയുടെ സമ്മതം മാത്രം മതിയായിരുന്നു അവര്‍ക്ക്. ആദ്യം അല്പം വിഷമിച്ചെങ്കിലും പിന്നെ ഉമ്മയും മകളെ സന്തോഷത്തോടെ യാത്രയാക്കി.

വളരെ കുറച്ചു മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു സഹല സൈക്കിളില്‍ ഉള്ള യാത്ര ആരംഭിച്ചിട്ട്. സൈക്ലിംഗ്‌നോടുള്ള വലിയ ഇഷ്ടം കാരണമാണ് സൈക്കിള്‍ വാങ്ങിച്ചതും കാശ്മീരിലേക്ക് യാത്ര തിരിക്കാന്‍ ആഗ്രഹിച്ചതുമെന്ന് സഹല പറയുന്നു.

സൈക്കിള്‍ വാങ്ങിയ ഉടനെ തന്നെ കേരളത്തിലെ വിവിധ ജില്ലകളില്‍ ഈ മൂവര്‍ സംഘം യാത്രകള്‍ നടത്തിയിട്ടുണ്ട്. ഒരുപാട് കാലമായുള്ള ആഗ്രഹമാണ് സഹലയ്ക്ക് സൈക്കിളില്‍ ഒരു ദൂര യാത്ര പോവണമെന്നുള്ളത്.

മധ്യപ്രദേശിലെ അമര്‍കന്ത് ഐജി എന്‍ടിയു കേന്ദ്ര സര്‍വകലാശാലയിലെ ജേണലിസം ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിയാണ് സഹല. കോവിഡ് കാലത്ത് സര്‍വകലാശാല കാണാന്‍ കഴിയാത്ത സങ്കടവും ഈ യാത്രയില്‍ തീര്‍ക്കണമെന്നാണ് സഹല വിചാരിക്കുന്നത്.

Exit mobile version