ന്യൂഡൽഹി: പൗരത്വ ഭേദഗതിയെ പ്രതികൂലിക്കുന്നവരും അനുകൂലിക്കുന്നവരും ഏറ്റുമുട്ടി 38 ജീവനുകൾ നഷ്ടപ്പെട്ട കലാപത്തെ കുറിച്ച് അന്വേഷിക്കുന്നത് വിവാദ ഓഫീസർ. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത് രണ്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമുകൾ രൂപീകരിച്ചുകൊണ്ടാണ്. കലാപം ബാധിച്ച പ്രദേശത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് രണ്ട് അന്വേഷണസംഘങ്ങളെ രൂപീകരിച്ചത്. ഓരോ ടീമിനേയും ഓരോ ഡിസിപിമാരാണ് നയിക്കുന്നത്. ഡിസിപിമാരായ രാജേഷ് ദേവ്, ജോയ് ടിർക്കി എന്നിവരാണ് സംഘങ്ങളെ നയിക്കുന്നത്.
അതേസമയം, ഈ രണ്ടുപേരും ഈയിടെ വാർത്തകളിൽ നിറഞ്ഞവരാണ്. അവരാണ് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല, ജെഎൻയു എന്നിവിടങ്ങളിൽ നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. ഇതിൽതന്നെ രാജേഷ് ദേവിന്റെ പേര് വിവാദങ്ങളിലാണ് കൂടുതൽ വാർത്തകളിൽ നിറഞ്ഞത്. ഷഹീൻ ബാഗിൽ വെടിവെപ്പ് നടത്തിയ അക്രമിയായ കപിൽ ബൈസാലയെ പിടികൂടിയതിന് പിന്നാലെ ഇയാൾക്കും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും തമ്മിൽ ബന്ധമുണ്ട് എന്നമട്ടിലുള്ള പ്രസ്താവനകൾ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ദേവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
അന്ന് പത്രസമ്മേളനം നടത്തി അന്ന് ഡിസിപി ദേവ് പറഞ്ഞ കാര്യങ്ങൾ ബിജെപിക്ക് തെരഞ്ഞെടുപ്പിൽ ലഭിച്ച ആയുധവുമായിരുന്നു.
കപിലിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ഫോണിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഒരു വർഷം മുമ്പ് കപിലും അച്ഛൻ ഗജേന്ദ്ര സിങ്ങും ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു എന്നതിന് തെളിവുണ്ട് എന്നാണ് ഡിസിപി ദേവ് പത്രസമ്മേളനം വിളിച്ച് പറഞ്ഞത്. കപിലിനോട് സാമ്യമുള്ള ഒരാളും അരവിന്ദ് കെജരിവാളും ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രവും ഡിസിപി ദേവ് മാധ്യമങ്ങൾക്ക് തെറ്റിദ്ധരിപ്പിക്കും വിധത്തിൽ നൽകിയിരുന്നു. ഈ വെളിപ്പെടുത്തലിനെ ആഘോഷമാക്കിയ ബിജെപിക്ക് വലിയ മൈലേജ് ഇതിലൂടെ ലഭിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ സംഘപരിവാറിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ഡൽഹി കലാപക്കേസിലെ അന്വേഷണം എത്രമാത്രം നീതിയുക്തമായിരിക്കും എന്ന സംശയത്തിലാണ് ജനങ്ങൾ.
