പുനര്‍നിര്‍മ്മാണം ധ്രുതഗതിയില്‍; പ്രളയം തകര്‍ത്ത മലപ്പുറത്തെ റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമായി; പ്രളയദൃശ്യങ്ങളും പുനര്‍നിര്‍മ്മാണവും പങ്കുവെച്ച് മുഖ്യമന്ത്രി

25 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാല അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡ് പുനര്‍നിര്‍മ്മിച്ചത്.

തിരുവനന്തപുരം: കഷ്ടതയിലും ദുരിതത്തിലുമായ സംസ്ഥാനം പ്രളയത്തില്‍ നിന്ന് കരകയറി വരുന്നു. പുനര്‍നിര്‍മ്മാണം ധ്രുതഗതിയില്‍ മുന്‍പോട്ട് കുതിയ്ക്കുകയാണ്. പ്രളയത്തിന്റെ ഭീകരത കാണിച്ച് തന്നെ ദൃശ്യങ്ങളില്‍ ഒന്നാണ് മലപ്പുറത്ത് നിന്ന് റോഡ് നെടുകെ പിളരുന്നതിന്റെ ദൃശ്യങ്ങള്‍. മലപ്പുറം ജില്ലയിലെ വണ്ടൂര്‍- നടുവത്ത്- വടക്കും പാടം റോഡാണ് ഇടിഞ്ഞു വീണത്. താത്കാലിക ആശ്വാസം പോലെ സൈന്യത്തിന്റെ സഹായത്തോടെ റോഡ് നിര്‍മ്മിച്ചുവെങ്കിലും ഗതാഗത യോഗ്യമല്ലായിരുന്നു.

ഇപ്പോള്‍ പൂര്‍ണ്ണമായും ഗതാഗത സൗകര്യമൊരുക്കിയിരിക്കുകയാണ്. പ്രളയദൃശ്യങ്ങളും പുനര്‍നിര്‍മ്മാണവും കൂടിയ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെച്ചു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാല അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡ് പുനര്‍നിര്‍മ്മിച്ചത്. പ്രളയകാലത്ത് തകര്‍ന്ന റോഡുകളുടെയും പാലത്തിന്റേയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെമ്പാടും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

പ്രളയകാലത്ത് പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ചേര്‍ന്നാണ് റോഡ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അടിയന്തരമായി നടക്കേണ്ടിയിരുന്ന 4,429 കിലോ മീറ്റര്‍ റോഡ് അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ചു. 164 പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയത്. 3,148കിലോ മീറ്റര്‍ റോഡ് പുനരുദ്ധാരണത്തിനുള്ള 429 പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദീര്‍ഘകാല അടിസ്ഥാനത്തിലുളള വികസനം ലക്ഷ്യമിടുന്ന ഡിസൈന്‍ഡ് റോഡുകളുടെ നിര്‍മ്മാണത്തിനുള്ള നടപടികളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുളള 63 പ്രവൃത്തികളാണ് തയ്യാറാക്കിയിരിക്കുന്നത്.

Exit mobile version