ബിജെപിയെ കോണ്‍ഗ്രസ് ‘കടത്തിവെട്ടി’, പശു രാഷ്ട്രീയത്തില്‍ മത്സരിക്കുകയാണ് ചെയ്യുന്നത്! മധ്യപ്രദേശില്‍ പശുവിന്റെ പേരില്‍ എന്‍എസ്എ ചുമത്തിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ഇതു വരെ പശു സംരക്ഷണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ അഞ്ചു പേര്‍ക്കെതിരെ എന്‍എസ്എ (നാഷണല്‍ സെക്യൂരിറ്റി ആക്റ്റ്) ചുമത്തിയിട്ടുള്ളത്.

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ പശുവിന്റെ പേരില്‍ എന്‍എസ്എ ചുമത്തിയ കോണ്‍ഗ്രസ് നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ഒരേ സമയം മതേതര മൂല്യങ്ങള്‍ അവകാശപ്പെടുകയും എന്നാല്‍ സംഘപരിവാര്‍ നിലപാട് സ്വീകരിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന് ഇടയാണ് അദ്ദേഹം നടപടിയെ വിമര്‍ശിച്ചത്.

‘പശു സംരക്ഷണത്തിന്റെ പേരില്‍ ഇത്തരം ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ മധ്യപ്രദേശ് ഭരിച്ചിരുന്നു ബിജെപി പോലും മുതിര്‍ന്നിരുന്നില്ല, പശുവിന്റെ പേരില്‍ ബിജെപിയോട് മത്സരിക്കുകയാണ് കോണ്‍ഗ്രസ്. പശുവിനെ കശാപ്പു ചെയ്യുന്നത് ആദ്യമായി നിരോധിച്ചത് കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞത് ദിഗ്വിജയ് സിങ്ങ് ആണ്. ശബരിമല വിഷയത്തിലും ഇതു തന്നെയാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇതു തന്നെയാണ് അവരുടെ ഏറ്റവും വലിയ പരാജയം’- മുഖ്യമന്ത്രി പറയുന്നു.

ഇതു വരെ പശു സംരക്ഷണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ അഞ്ചു പേര്‍ക്കെതിരെ എന്‍എസ്എ (നാഷണല്‍ സെക്യൂരിറ്റി ആക്റ്റ്) ചുമത്തിയിട്ടുള്ളത്. അനധികൃതമായി പശുക്കളെ കടത്തിയ രണ്ടു പേരെയും പശുവിനെ കശാപ്പു ചെയ്തതിന്റെ പേരില്‍ മൂന്നു പേര്‍ക്കെതിരെയുമാണ് മധ്യപ്രദേശില്‍ എന്‍എസ്എ ചുമത്തിയത്.

ബിജെപിയെ പുറത്താക്കാന്‍ തങ്ങള്‍ മതേതരത്വ മുല്യങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്നും പിണറായി പറഞ്ഞു. ബിജെപിയെ നിലക്കു നിര്‍ത്താന്‍ ഇടതു പക്ഷത്തോടൊപ്പം നില്‍ക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ന്യൂനപക്ഷം മനസ്സിലാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Exit mobile version