ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ ബിജെപി പാളയത്തിലേക്കോ..? പിഎസ് ശ്രീധരന്‍ പിള്ളയുമായി രഹസ്യ ചര്‍ച്ച നടത്തി; സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ട്

തിരുവനന്തപുരം: ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ ബിജെപി പാളയത്തിലേക്കെന്ന് സൂചന. ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയുമായി പദ്മകുമാര്‍ രഹസ്യ ചര്‍ച്ച നടത്തിയതായതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. നിലവില്‍ ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം നേതൃത്വവുമായും ഇടഞ്ഞു നില്‍ക്കുന്ന പദ്മകുമാര്‍ തന്റെ നിലപാടി മൗനമാണെന്ന് പ്രതികരിച്ചിരുന്നു. മാത്രമല്ല 27ന് കേരളത്തിലെത്തുന്ന അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ പദ്മകുമാറിന് ബിജെപി അംഗത്വം നല്‍കുന്ന കാര്യം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍, യുവമോര്‍ച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പദ്മകുമാര്‍, താന്‍ ഇരുന്ന് ഉരുകുകയാണെന്ന് കമന്റിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിക്കകത്തും ദേവസ്വം ബോര്‍ഡിലും പ്രതിഷേധമുയര്‍ന്നതോടെ ഇത് ഡിലീറ്റ് ചെയ്തു. പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ടും പദ്മകുമാര്‍ ഡീ ആക്ടിവേറ്റ് ചെയ്തു. ഇതിനിടെ താന്‍ അയ്യപ്പ ഭക്തനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന പദ്മകുമാറിന്റെ പ്രസംഗത്തിന്റെ ഓഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കടുത്ത അയ്യപ്പ ഭക്തരായ കുടുംബത്തിന്റെ സമ്മര്‍ദ്ദവും പദ്മകുമാറിനെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ പദ്മകുമാറിന്, പ്രസിഡന്റ് പദവിയില്‍ ഇനി ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും കടുത്ത അതൃപ്തി ഉള്ളതിനാല്‍ അദ്ദേഹത്തെ നിലവിലെ പ്രശ്‌നങ്ങള്‍ തണുക്കുന്നതോടെ മാറ്റിയേക്കുമെന്നും വാര്‍ത്തകളുണ്ട്. നിലവില്‍ സിപിഎം പ്രതിനിധി കെ രാഘവന്റെ കാലാവധി പൂര്‍ത്തിയായ ഒഴിവിലേക്ക് അംഗത്തെ നിയമിക്കേണ്ടതുണ്ട്.

അതേസമയം പദ്മകുമാറിനെ തങ്ങളുടെ പക്ഷത്തെത്തിച്ചാല്‍ ശബരിമല വിഷയത്തില്‍ രാഷ്ട്രീയമായി നേട്ടം കൊയ്യാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ വിഷയം കത്തിച്ചാല്‍ ഹിന്ദു ഏകീകരണം സാധ്യമാകുകയും, അതുവഴി മികച്ച നേട്ടം കൈവരിക്കാനാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഇതിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥിത്വം അടക്കം മികച്ച വാഗ്ദാനങ്ങള്‍ പദ്മകുമാറിന് മുന്നില്‍ ബിജെപി വെച്ചു നീട്ടിയേക്കുമെന്നുമാണ് വാര്‍ത്തകള്‍.

Exit mobile version