സംസ്ഥാനത്തെ ബസുകളുടെ കാലാവധി 15 ല്‍ നിന്ന് 20 വര്‍ഷമായി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസുകളുടെ കാലാവധി ഉയര്‍ത്തി. 15 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള ബസ് ബോഡികോഡ് സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍, കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ ഭേദഗതികള്‍, പൊതുഗതാഗതമേഖല നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവ കണക്കിലെടുത്താണ് സ്റ്റേജ് കാര്യേജുകളുടെ കാലദൈര്‍ഘ്യം ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് രംഗത്തിറങ്ങിയിരുന്നു.

സംസ്ഥാനത്തെ പ്രൈവറ്റ് ബസുകളെ കൂടാതെ കെഎസ്ആര്‍ടിസി ബസുകള്‍ക്കും പുതിയ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതെസമയം പതിനഞ്ചുവര്‍ഷത്തിനുമേല്‍ പഴക്കമുള്ള ബസുകള്‍ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയായി ഓടാന്‍ അനുവദിക്കില്ല. 2001-ലാണ് കേരളത്തില്‍ ബസുകളുടെ കാലപ്പഴക്കം 15 വര്‍ഷമായി നിശ്ചയിച്ച് ഉത്തരവിറക്കിയത്.

Exit mobile version