വീണ്ടും നീട്ടി; കാശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് വിലക്ക് ജനുവരി എട്ട് വരെ, ഒഴിവാക്കിയത് ഈ ജില്ലകളെ

4G ban | Bignewslive

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ നിലവിലുള്ള 4ജി ഇന്റര്‍നെറ്റ് വിലക്ക് ജനുവരി 8 വരെ നീട്ടി. ഇതിനോടനുബന്ധിച്ച് വെള്ളിയാഴ്ച് ജമ്മു കാശ്മീര്‍ അഡ്മിനിസ്ട്രേഷന്‍ ഉത്തരവിറക്കി. ഉദ്ധംപൂര്‍, ഗാണ്ഡേര്‍ബാള്‍ എന്നീ ജില്ലകളെ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡിസംബര്‍ 25വരെയായിരുന്നു ഇത് വരെ നിരോധനം.

അതിര്‍ത്തികളില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി എന്ന് അധികാരികള്‍ വ്യക്തമാക്കി. മേഖലകളില്‍ 2ജി സംവിധാനം ലഭ്യമാണ്. നടപടി ഒരുപാട് അസൗകര്യങ്ങള്‍ക്ക് കാരണമാകുമെന്നും വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ തുടങ്ങി അനേകം പേര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ആയതിനാല്‍ എത്രയും വേഗം ഇന്റര്‍നെറ്റ് കണക്ഷന്‍ പുനഃസ്ഥാപിക്കണമെന്നും ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫെറന്‍സ് ചെയര്‍മാന്‍ ഫറൂഖ് അബ്ദുല്ല കേന്ദ്രത്തോട് പേക്ഷിച്ചു.

”എല്ലാ സംവിധാനങ്ങളും ഓണ്‍ലൈനായ ഈ കാലഘട്ടത്തില്‍ ഇങ്ങനൊരു വിലക്ക് തികച്ചും അപലപനീയമാണ്.പ്രധാനമന്ത്രി 5ജിയെപ്പറ്റി വാതോരാതെ പ്രസംഗിക്കാറുണ്ടെങ്കിലും 4ജി പോലും ഞങ്ങള്‍ക്ക് നിഷിദ്ധമാണെന്നുള്ളത് എത്ര പരിതാപകരമായ വസ്തുതയാണ്. എത്രയും പെട്ടന്ന് ഇന്റര്‍നെറ്റ് കണക്ഷന്‍ പുനഃസ്ഥാപിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം”.അദ്ദേഹം പറഞ്ഞു.

2019 ആഗസ്റ്റിലാണ് ജമ്മുകാശ്മീരില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന നടപടിയെത്തുടര്‍ന്നായിരുന്നു വിലക്ക്. കാശ്മീരിന് ഭരണഘടന അനുശാസിക്കുന്ന പ്രത്യേക പദവി റദ്ദാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് ഒരുപാട് വിവാഹദങ്ങള്‍ ഉടലെടുത്തിരുന്നു.

Exit mobile version