ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം : നാല് പേര്‍ മരിച്ചു , 30 പേരെ കാണാതായി

Cloud burst | Bignewslive

കിഷ്ത്വാര്‍ : ജമ്മുകശ്മീരില്‍ കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നാല് പേര്‍ മരിച്ചു. മുപ്പതിലധികം പേരെ കാണാതായി. വിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിലാണ് അപകടമുണ്ടായത്.

കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. ഗ്രാമത്തിലേക്ക് എത്തിച്ചേരാന്‍ റോഡ് ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. നാല് മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്തതായും 9 വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതായും കിഷ്ത്വാര്‍ ജില്ലാ മജിസ്‌ട്രേറ്റ് അശോക് കുമാര്‍ ശര്‍മ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിനായി കരസേനയുടെയും പോലീസിന്റെയും ഒരു സംഘം ഉടന്‍ തന്നെ പ്രദേശത്ത് എത്തിയതായും അദ്ദേഹം പറഞ്ഞു. കിഷ്ത്വാറിലെ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ പരിക്കേറ്റവരെ ആകാശമാര്‍ഗ്ഗം ആശുപത്രിയിലെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേന അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൂട്ടിച്ചേര്‍ത്തു.

രക്ഷാപ്രവര്‍ത്തനങ്ങില്‍ പ്രാദേശിക സംഘങ്ങളെ സഹായിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും അറിയിച്ചു.

Exit mobile version