പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിഎസ് തിരുമേനിയെ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനം; ഒരു മാസത്തിനുള്ളില്‍ നാലാമത്തെ സ്ഥലം മാറ്റമാണിത്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിഎസ് തിരുമേനിയെ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥാനത്തെക്ക് ഇടുക്കി കലക്ടര്‍ ജീവന്‍ ബാബുവിനെ നിയമിക്കും. പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശനെ ഇടുക്കി കലക്ടറായും നിയമിക്കും.

ബിഎസ് തിരുമേനിക്ക് ഒരു മാസത്തിനുള്ളില്‍ നാലാമത്തെ സ്ഥലംമാറ്റമാണ്. കോട്ടയം കളക്ടറായിരുന്ന ബിഎസ് തിരുമേനിയെ നാലാഴ്ച മുന്‍പാണ് പ്രവേശന പരീക്ഷാ കമ്മിഷണറും ഹയര്‍സെക്കന്‍ഡറി ഡയറക്ടറുമായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. മെഡിക്കല്‍ ലീവിലായിരുന്നതിനാല്‍ അദ്ദേഹത്തിനു പ്രവേശന പരീക്ഷാ നടപടികള്‍ തുടങ്ങുന്നതിനു മുമ്പായി ചുമതലയേല്‍ക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രവേശന പരീക്ഷാ കമ്മിഷണര്‍ സ്ഥാനത്തു നിന്നു മാറ്റുകയും ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ മാത്രം ചുമതല നല്‍കുകയും ചെയ്തു.

ഹയര്‍സെക്കന്‍ഡറി ഡയറക്ടറായി ഏതാനും ദിവസം പ്രവര്‍ത്തിച്ചപ്പോഴാണ് കഴിഞ്ഞയാഴ്ച ഡിപിഐ ആയി നിയമിച്ചത്. രണ്ടു ദിവസം മുന്‍പാണ് ഡിപിഐ ആയി ചുമതലയേറ്റത്. അതിനിടെയാണ് പുതിയ മാറ്റം.

Exit mobile version