വിവാദങ്ങള്‍ക്കിടയില്‍ ജസ്റ്റീസ് ദിനേശ് മഹേശ്വരിയും ജസ്റ്റീസ് സഞ്ജീവ് ഖന്നയും സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടയില്‍ സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റീസ് ദിനേശ് മഹേശ്വരിയും ജസ്റ്റീസ് സഞ്ജീവ് ഖന്നയും സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം നമ്പര്‍ കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 28 ആയി. 31 ആണ് അനുവദിച്ചിരിക്കുന്ന പരിധി.

കൊളീജിയത്തിന്റെ ആദ്യ ശിപാര്‍ശയും സീനിയോറിറ്റിയും മറികടന്നു ഇവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. ജനുവരി പത്തിനു ചേര്‍ന്ന സുപ്രീംകോടതി കൊളീജിയമാണ് ഇവരുടെ പേരുകള്‍ ശിപാര്‍ശ ചെയ്തിരുന്നത്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസും മലയാളിയുമായ ജസ്റ്റീസ് രാജേന്ദ്ര മേനോന്റെയും രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് പ്രദീപ് നന്ദ്രജോഗിന്റെയും സീനിയോറിറ്റി മറികടന്നാണ് ഇവരുടെ പേരുകള്‍ ശിപാര്‍ശ ചെയ്തത്. ഇത് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ജഡ്ജി സഞ്ജയ് കിഷന്‍ കൗള്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കും മുന്‍ സുപ്രീംകോടതി ജഡ്ജി കൈലാഷ് ഗംഭീര്‍ രാഷ്ട്രപതിക്കും കത്തുകള്‍ അയച്ചിരുന്നു. തീരുമാനത്തിനെതിരേ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു.

ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യ സീനിയോറിറ്റി പട്ടികയനുസരിച്ച് ജസ്റ്റീസ് രാജേന്ദ്ര മേനോനും, ജസ്റ്റീസ് നന്ദ്രജോഗും യാഥാക്രമം മൂന്നും, നാലും സ്ഥാനത്താണ് ഉള്ളത്. ഇവരുടെ സീനിയോറ്റി മറികടന്നാണ് 21-ാം സ്ഥാനത്ത് ഉള്ള മഹേശ്വരിയെയും 33-ാം സ്ഥാനത്ത് ഉള്ള ജസ്റ്റീസ് ഖന്നയെയും കൊളീജിയം ശുപാര്‍ശ ചെയ്തത്.

Exit mobile version