‘കോടിയേരി ബാലകൃഷ്ണന്‍ നമ്പ്യാര്‍’ കരുതേണ്ട..! ചാനല്‍ ചര്‍ച്ചയ്ക്കിടെ കോടിയേരിയുടെ ജാതി പറഞ്ഞ് രാജ്മോഹന്‍ ഉണ്ണിത്താന്‍; വിവാദം

തിരുവനന്തപുരം: ‘കോടിയേരി ബാലകൃഷ്ണന്‍ നമ്പ്യാര്‍’ കരുതേണ്ട.. ചാനല്‍ ചര്‍ച്ചയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജാതി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ന്യൂസ് അവര്‍ ചര്‍ച്ചക്കിടെ ആയിരുന്നു ഉണ്ണിത്താന്റെ വിവാദ പരാമര്‍ശം.

ഇടതു സര്‍ക്കാര്‍ എന്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ പരമാവധി ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. അതിനാല്‍ ‘കോടിയേരി ബാലകൃഷ്ണന്‍ നമ്പ്യാരെ’ ഉപയോഗിച്ച് എന്‍എസ്എസ് പ്രസ്താനത്തെ മോശമാക്കുകയാണ്. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തില്‍ പങ്കാളികളായ എന്‍എസ്എസ് തന്നെയാണ് ഇഎംഎസ് സര്‍ക്കാരിനെതിരായ വിമോചന സമരത്തിന് നേതൃത്വം കൊടുത്തതെന്ന് മറക്കരുതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ജാതിയും മതവും അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും രാഷ്ട്രീയ നേതാക്കളേയും വേര്‍തിരിക്കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസിന്റെ ഉന്നത നേതാവ് എത്തിച്ചേര്‍ന്നിരിക്കുകയാണെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എംവി ഗോവിന്ദന്‍ മറുപടി.

മത വര്‍ഗ്ഗീയതയെ ശക്തമായി എതിര്‍ക്കുന്നതാണ് നവോത്ഥാനത്തിന്റെ ചുമതല. അതിനെതിരായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ജാതി പറയേണ്ടിവരുന്നത് കോണ്‍ഗ്രസിന്റെ ജീര്‍ണ്ണതയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

എന്നാല്‍ താന്‍ ഉദ്ദേശിച്ചത് എംവി ഗോവിന്ദന്‍ ഉദ്ദേശിച്ചതുപോലെ അല്ലെന്നും ‘മനസിലാകുന്നവര്‍ക്ക് മനസിലായിക്കോട്ടെ’ എന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Exit mobile version