ഇരുചക്രവാഹനത്തില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല; മുന്നറിയിപ്പുമായി കേരളാ പോലീസ്

യാത്രയില്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കുക

തിരുവനന്തപുരം: വാഹനാപകടങ്ങള്‍ പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. ഇത്തരം വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇരുചക്ര വാഹനത്തില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ലയെന്ന് പോലീസ് പറയുന്നു.

യാത്രയില്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കുക, അമിത വേഗത ഒഴിവാക്കുക,വാഹനം ഓടിക്കുമ്പോള്‍ പിന്നിലൂടെ വരുന്ന വാഹനങ്ങള്‍ കാണുന്നതിന് തിരിഞ്ഞുനോക്കാതെ ഇരുവശത്തുള്ള കണ്ണാടിയില്‍ നോക്കി പിന്‍ഭാഗം വീക്ഷിക്കുക തുടങ്ങിയ മുന്നറിയിപ്പുകള്‍ പോലീസ് കുറിപ്പിലൂടെ മുന്നോട്ട് വെയ്ക്കുന്നു.

വളര്‍ന്നുവരുന്ന തലമുറ ഗതാഗത സംസ്‌കാരമുള്ളവരായിത്തീരുകയും ഡ്രൈവര്‍മാര്‍ അവരുടെ ഡ്രൈവിംഗ് രീതിയില്‍ ശരിയായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ അപകടരഹിതമായ ഒരു റോഡ് സംസ്‌കാരം നമുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയും. അതിന് ഓരോരുത്തരുടേയും ആത്മാര്‍ത്ഥമായ പരിശ്രമം കൂടിയേ കഴിയൂവെന്ന് പോലീസ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഇരുചക്രവാഹനത്തില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്രചെയ്യാന്‍ പാടില്ല. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍ മാത്രമാണ് അത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആയതിനാല്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് അപകടം ക്ഷണിച്ചു വരുത്തും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൗമാരക്കാരില്‍ ചിലര്‍ 3 പേര്‍ ബൈക്കിലിരുന്ന് യാത്ര ചെയ്യുന്നത് കാണാം. പിറകിലിരുന്ന് യാത്ര ചെയ്യുന്ന ആളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്.

യാത്രയില്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കുക. ഹെല്‍മറ്റ് ഉപയോഗം പൂര്‍ണമായും നടപ്പാക്കാന്‍ നിയമാനുസരണം മാത്രം കഴിയുകയില്ല. ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ആളുകള്‍ക്ക് ശരിയായ അറിവ് നല്‍കുകയോ അവ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയോ ചെയ്യുക. ചിന്‍സ്ട്രാപ് ഇടാതെ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന് തുല്യമാണ്.

കേരളത്തിന്റെ റോഡുകളില്‍ ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള ശരാശരി വേഗപരിധി 50 കിലോമീറ്ററാണ്. അമിതവേഗത ഒഴിവാക്കുക. വേഗത കൂടുന്നതിനനുസരിച്ച് അപകടസാധ്യതയും വര്‍ധിക്കുന്നു എന്നുള്ളത് ഏവര്‍ക്കും അറിയാമെന്നുള്ള സത്യമാണ്.

ഇരുചക്ര വാഹനങ്ങള്‍ അപകടപ്പെടുന്നതില്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇടത് വശത്തുകൂടിയുള്ള ഓവര്‍ടേക്കിങ്ങാണ്. റോഡിന് ഇടതുവശം ചേര്‍ന്നുള്ള ട്രാക് വേഗത കുറഞ്ഞ വാഹനങ്ങള്‍ക്കും .വലതുവശത്തെ ട്രാക് വേഗതകൂടിയ വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ വേണ്ടിയുള്ളതാണ്. ഓവര്‍ടേക് ചെയ്യേണ്ടത് വലതുവശത്തുകൂടി മാത്രമാണ്.

ന്യൂ ജനറേഷന്‍ വാഹനങ്ങള്‍ വാങ്ങുന്ന യുവാക്കള്‍ വാഹനത്തില്‍ കമ്പനിയുടെ രൂപകല്‍പ്പനയില്‍ അവരുടേതായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെടാറുണ്ട്. യാത്ര ചെയ്യുന്നവരുടെ സുരക്ഷക്കുവേണ്ടിയുള്ള ഹാന്‍ഡ് ഗ്രിപ്, സാരിഗാര്‍ഡ് എന്നിവ എടുത്തുമാറ്റുന്നതായി കാണാറുണ്ട്. പിന്നിലിരിക്കുന്ന യാത്രക്കാര്‍ക്ക് വാഹനത്തില്‍ ബലമായി പിടിച്ച് ഇരിക്കുന്നതിന് വേണ്ടിയാണ് ഹാന്‍ഡ് ഗ്രിപ് ഘടിപ്പിച്ചിട്ടുള്ളത്. പിന്നിലിരിക്കുന്ന യാത്രക്കാരന്‍ വാഹനം ഡ്രൈവ് ചെയ്യുന്ന ആളുടെ തോളത്തോ മുതുകിലോ പിടിക്കാതെ സീറ്റിന് സൈഡില്‍ ഘടിപ്പിച്ചിരിക്കുന്ന ഹാന്‍ഡ് ഗ്രിപ്പില്‍ മുറുകെ പിടിച്ചിരുന്നാല്‍ അപകടം ഒഴിവാക്കാം.

വാഹനം ഓടിക്കുമ്പോള്‍ പിന്നിലൂടെ വരുന്ന വാഹനങ്ങള്‍ കാണുന്നതിന് തിരിഞ്ഞുനോക്കാതെ ഇരുവശത്തുള്ള കണ്ണാടിയില്‍ നോക്കി പിന്‍ഭാഗം വീക്ഷിക്കുക. സൈഡ് മിറര്‍-ഡ്രൈവറുടെ പിന്നിലെ കണ്ണ് പോലെ പ്രവര്‍ത്തിക്കുന്നു.

വളര്‍ന്നുവരുന്ന തലമുറ ഗതാഗത സംസ്‌കാരമുള്ളവരായിത്തീരുകയും ഡ്രൈവര്‍മാര്‍ അവരുടെ ഡ്രൈവിംഗ് രീതിയില്‍ ശരിയായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ അപകടരഹിതമായ ഒരു റോഡ് സംസ്‌കാരം നമുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയും. അതിന് ഓരോരുത്തരുടേയും ആത്മാര്‍ത്ഥമായ പരിശ്രമം കൂടിയേ കഴിയൂ..

നമ്മുടെ റോഡുകള്‍ നമുക്കൊരുമിച്ച് സുരക്ഷിതമാക്കാം’

Exit mobile version