മോഹന്‍ലാലിനെ കളത്തിലിറക്കാന്‍ ഒരുങ്ങി ആര്‍എസ്എസ്; ജനതാല്‍പര്യം അറിയാന്‍ സര്‍വ്വേ നടത്തുന്നു!

വിചാര കേന്ദ്രം അടങ്ങുന്ന ആര്‍എസ്എസ് സംവിധാനത്തിന് താല്‍പര്യമുള്ള പേരുകളാണ് പൊതു ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍, മോഹന്‍ലാല്‍, കെ സുരേന്ദ്രന്‍ എന്നിവരിലൊരാള്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍എസ്എസിന് താല്‍പര്യം. അതുകൊണ്ട് പൊതു സമൂഹത്തിന്റെ താല്‍പര്യമറിയാന്‍
ആര്‍എസ്എസ് സര്‍വ്വേ നടത്തുന്നു. വിചാര കേന്ദ്രം അടങ്ങുന്ന ആര്‍എസ്എസ് സംവിധാനത്തിന് താല്‍പര്യമുള്ള പേരുകളാണ് പൊതു ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്.

കുമ്മനം രാജശേഖരനെ കൂടാതെ, നടന്‍ മോഹന്‍ലാല്‍, കെ സുരേന്ദ്രന്‍ എന്നീ പേരുകളോടുള്ള തിരുവനന്തപുരത്തെ വോട്ടര്‍മാരുടെ താത്പര്യമാണ് സംഘത്തിന് അറിയേണ്ടത്. മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന് പൊതുചര്‍ച്ച ഉയര്‍ന്നു വന്നതും സര്‍വേയുടെ ഭാഗമായാണ്. പ്രവര്‍ത്തകരുടേയും, പൊതുജനങ്ങളുടേയും, സാമുദായ വിഭാഗങ്ങളുടേയും അഭിപ്രായം ശേഖരിച്ച് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തും.

കുമ്മനത്തിന്റേയും കെ സുരേന്ദ്രന്റേയും കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം മനസ്സുവച്ചാല്‍ മതി. എന്നാല്‍ മോഹന്‍ലാലിന്റെ കാര്യത്തില്‍ ഇത് പോര. അതേസമയം ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയക്കാരനായി ബ്രാന്‍ഡ് ചെയ്യാന്‍ മോഹന്‍ലാല്‍ ആഗ്രഹിക്കില്ലെന്നാണ് സുഹൃത്തുക്കള്‍ കരുതുന്നത്.

മോഹന്‍ലാല്‍ മത്സരത്തിനിറങ്ങിയാല്‍ വിജയം ഉറപ്പാണെന്ന് കൂടി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നതിനാല്‍ ചര്‍ച്ച സജീവമാക്കുകയാണ്. തിരുവനന്തപുരത്ത് വിജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കാത്ത ആര്‍എസ്എസിന്റെ നോട്ടവും ലാല്‍ തന്നെയാണ്. തിരുവനന്തപുരം സീറ്റിലേക്ക് നടന്‍ മോഹന്‍ലാലിനെ ബിജെപി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ എംഎല്‍എയും വ്യക്തമാക്കിയിരുന്നു.

Exit mobile version