ഇതാരാണപ്പാ ഇങ്ങനെ രാഹുലിനെ ഫോക്കസ് ചെയ്യുന്നത്… ആളുകളുടെ ചോദ്യത്തിന് മറുപടി കിട്ടി..!ചേട്ടാ ഞാന്‍ അഡ്വക്കേറ്റ് എബി അനീഷാണ് ആ മരത്തിലിരിക്കുന്നത് ഞാനാ..ഒരു കോപ്പി തരുമോ

കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന കോണ്‍ഗ്രസ് നേതൃസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഫോണില്‍ പകര്‍ത്തുന്ന യുവാവിന്റെ ചിത്രം മലയാള മനോരമയില്‍ വന്നിരുന്നു.. എന്നാല്‍ ചിത്രം വൈറലായപ്പോള്‍ ഇത്രയും കഷ്ടപ്പെട്ട് ആരാണപ്പാ ഇങ്ങനെ ചെയ്യുന്നത് എന്നായിരുന്നു ആളുകളുടെ ചോദ്യം.

എന്നാല്‍ ഇപ്പോള്‍ ഈ ചോദ്യത്തിന് ഉത്തരമുണ്ട്, അഡ്വക്കേറ്റ് എബി അനീഷാണ് കക്ഷി. തൃശൂര്‍ ജില്ലാ കോടതിയില്‍ കഴിഞ്ഞ 12 വര്‍ഷമായി അഭിഭാഷകനായി ജോലി ചെയ്യുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. എന്നാല്‍ ഈ കഥഖാ നായകനെ പുറത്തെത്തിച്ചത് ചിത്രം പകര്‍ത്തിയ മലയാള മനോരമ പിക്ചര്‍ എഡിറ്റര്‍ ഇവിശ്രീകുമാറിന് വന്ന ഒരു ഫോണ്‍ കോളാണ്..

ഫോട്ടോ എടുത്തതിനെ കുറിച്ച് ശ്രീകുമാര്‍…

മനോരമയുടെ കൊച്ചി മെട്രോ പത്രത്തില്‍ കഴിഞ്ഞ ദിവസം അച്ചടിച്ചു വന്ന ചിത്രമാണ് ഇത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മറൈന്‍ ഡ്രൈവില്‍ എത്തിയപ്പോള്‍ പ്രധാന വേദിയില്‍ ഇടം കിട്ടാതെ വന്ന ഒരു പ്രവര്‍ത്തകന്‍ മരത്തിനു മുകളില്‍ കയറി മൊബൈല്‍ രാഹുലിന്റെ പ്രസംഗം റെക്കോര്‍ഡ് ചെയ്യാനുള്ള തത്രപാട് കാണിക്കുന്ന ചിത്രമാണ് ഞാന്‍ എടുത്തത്. പിറ്റേന്ന് ധാരാളം വായനക്കാര്‍ വിളിച്ചു അഭിനന്ദിക്കുകയുണ്ടായി. എന്നിരുന്നാലും ആരാണ് ഇത്രയും സാഹസികമായി മരത്തിന്റെ മുകളില്‍ ഇരിക്കുകയും മൊബൈലില്‍ വിഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തത് എന്ന അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു.

ഇതിനിടെയാണ് ഒരു ഫോണ്‍ കോള്‍ തൃശൂരില്‍ നിന്ന് വരുന്നത്. പതുങ്ങിയ ശബ്ദത്തില്‍ സംസാരിച്ചു തുടങ്ങിയ അദേഹം പറഞ്ഞു, ഞാന്‍ അഡ്വക്കേറ്റ് എബി അനീഷ്. എന്റെ ചിത്രമാണ് ചേട്ടന്‍ പത്രത്തില്‍ കൊടുത്തത്. ഈ പടത്തിന്റെ ഒരു കോപ്പി തരാമോയെന്നും അനീഷ് അഭ്യര്‍ഥിച്ചു.

അഡ്വ. അനീഷിന് പറയാനുള്ളത്

‘മുന്‍ അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍. കെഎസ്യു കാലഘട്ടത്തിലെ അനീഷിന്റെ ആവേശം ഇന്നും ഒട്ടും കുറവ് വന്നിട്ടില്ല’ എന്ന സുഹൃത്ത് അഡ്വക്കേറ്റ് സുനില്‍ ലാലൂര്‍ ഫേസ്ബുക് പോസ്റ്റ് ഇട്ടപ്പോഴായിരുന്നു ഞാന്‍ കാര്യങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ തപ്പി ചിത്രമെടുത്ത ഫൊട്ടോഗ്രാഫറെ വിളിക്കുകയായിരുന്നു. മരത്തില്‍ കയറിപ്പറ്റിയ സംഭവവും അനീഷ് വിശദീകരിച്ചു

രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് എത്തുമ്പോള്‍ രണ്ടേ മുക്കാല്‍ കഴിഞ്ഞു. സമയം കഴിഞ്ഞതിനാല്‍ സമ്മേളനവേദിയില്‍ പ്രവേശിക്കേണ്ട രണ്ടു വഴികളും അടച്ചിരുന്നു. മറൈന്‍ ഡ്രൈവിലെ നടപ്പാതയിലും തിരക്ക്. തുടര്‍ന്നാണ് മരത്തില്‍ കയറാന്‍ തീരുമാനിച്ചത്. മരച്ചില്ലകള്‍ കാരണം വ്യക്തമായി ചിത്രം പതിയുന്നില്ല. തുടര്‍ന്നുള്ള കസര്‍ത്തിനിടെയാണ് ‘സംഭവങ്ങള്‍’ ഒക്കെ നടക്കുന്നത്. മരച്ചില്ലകള്‍ പ്രശ്‌നമായെങ്കിലും മൊബൈലില്‍ 45 മിനിറ്റ് നീണ്ട രാഹുലിന്റെ പ്രസംഗം പൂര്‍ണമായും എടുത്തിട്ടുണ്ട് എന്ന സന്തോഷവും അനീഷ് പങ്കുവെച്ചു…

Exit mobile version