ഇ മെയിലിലൂടെ പണം തട്ടുന്ന നൈജീരിയന്‍ സംഘം തൃശ്ശൂരില്‍ പിടിയില്‍; അറസ്റ്റിലായത് പോലീസിന്റെ തന്ത്രപരമായ ഇടപെടലില്‍

നൈജീരിയന്‍ സ്വദേശികളായ അകേലാ ഫിബിലി, ക്രിസ്റ്റ്യന്‍ ഒബീജി, പാസ്‌കല്‍ അഹിയാദ്, സാംസണ്‍ എന്നിവരാണ് തൃശ്ശൂരില്‍ പോലീസിന്റെപിടിയിലായത്.

തൃശ്ശൂര്‍: വ്യാജ ഇ മെയില്‍ ഉപയോഗിച്ച് ബാങ്കുകളില്‍ നിന്നും പണം തട്ടിയെടുക്കുന്ന അന്താരാഷ്ട്ര സംഘം പോലീസ് പിടിയില്‍. നൈജീരിയന്‍ സ്വദേശികളായ അകേലാ ഫിബിലി, ക്രിസ്റ്റ്യന്‍ ഒബീജി, പാസ്‌കല്‍ അഹിയാദ്, സാംസണ്‍ എന്നിവരാണ് തൃശ്ശൂരില്‍ പോലീസിന്റെപിടിയിലായത്.

ഗുരുവായൂരിലെ ബാങ്ക് ഓഫ് ബറോഡ ബാങ്ക് ശാഖയില്‍ നിന്നും പണം തട്ടിയ കേസില്‍ അന്വേഷം നടക്കുന്നതിനിടെയാണ് നാലംഗ സംഘം അറസ്റ്റിലായത്.

കഴിഞ്ഞ ഡിസംബര്‍ 17നായിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ വഴി 21.8 ലക്ഷം രൂപയാണ് തട്ടിയത്. ഗുരുവായൂരില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് കമ്മീഷണര്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തട്ടിപ്പിലൂടെ പണം മാറ്റിയ അക്കൗണ്ടുകള്‍ പോലീസ് കണ്ടെത്തി. ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടില്‍ നിന്നാണ് പ്രവാസി വ്യവസായിയുടെ വ്യാജ ഇമെയില്‍ ഐഡി ഉണ്ടാക്കി പണം തട്ടിയത്.

ബംഗളൂരില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് ഒന്നര ലക്ഷം രൂപയും ഒമ്പത് എടിഎം കാര്‍ഡുകള്‍, 22 ഫോണുകള്‍, മൂന്നു ലാപ് ടോപ്പുകള്‍ എന്നിവ പിടികൂടി. കൂടുതല്‍ അന്വേഷണം തുടരുന്നതായി കമ്മീഷണര്‍ ജിഎച്ച് യതീഷ് ചന്ദ്ര പറഞ്ഞു.

അക്കൗണ്ട് ഉടമകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടപാടുകള്‍ക്കായി ബാങ്കിലേക്ക് അയച്ച ഇ മെയില്‍ ഐഡിയോട് സമാനമായവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. പണം തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട പ്രകാരം ബംഗളൂരുവിലെ രണ്ട് അക്കൗണ്ടുകളിലേക്ക് കഴിഞ്ഞ ഡിസംബര്‍ രണ്ട്, മൂന്ന് തീയ്യതികളിലായാണ് ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തത്. ദിവസങ്ങള്‍ക്കു ശേഷം അക്കൗണ്ട് ഉടമ ബാലന്‍സ് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടുകളില്‍ നിന്നും പണം പോയത് അറിയുന്നത്.

തട്ടിയെടുത്ത തുക അന്നു തന്നെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചിലരുടെ പേരിലുള്ള 16 ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി അറിഞ്ഞു. ഇത്തരത്തില്‍ തട്ടിപ്പിനായി പല അക്കൗണ്ടുകളുള്ള ആസാം സ്വദേശി ദേവന്‍ സസോണി എന്ന പ്രതിയെ അന്വേഷണ സംഘം ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ തന്നെ മറ്റു ബാങ്കുകളിലെ അക്കൗണ്ടുകളും മൊബൈല്‍ കണക്ഷനുകളും ചില നൈജീരിയന്‍ സ്വദേശികള്‍ക്ക് പ്രതിഫലം കൈപ്പറ്റി കൈമാറിയിരുന്നു.

ഈ കേസിലെ പ്രതികള്‍ പഠാനാവശ്യത്തിനും ചികിത്സയ്ക്കുമായാണ് ഇന്ത്യയിലേക്ക് വിസ സംഘടിപ്പിച്ചത്. വിസ കാലാവധി കഴിഞ്ഞത്തിനെ തുടര്‍ന്ന് ബംഗളൂരിന് പുറമെ ഡല്‍ഹി, മുബൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈബര്‍ ടീം നടത്തിയ അന്വേഷണത്തില്‍ നിന്ന് ലഭിച്ച സൂചനകളെ തുടര്‍ന്ന് ബംഗളുരുവിലെ വിവിധ സ്ഥലങ്ങളിലുള്ള ബാങ്കുകളില്‍ എത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങളും, CCTV ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

കമ്മനഹള്ളി, ബട്ടര്‍ഹള്ളി, ഗാര്‍ഡന്‌ഴസിറ്റി കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൈജിരിയന്‍ പൗരത്വമുള്ളവരും വടക്ക് കിഴക്കന്‍ സംസ്ഥാനകാരും അടങ്ങുന്ന വലിയൊരു സംഘമാണ് ഈ വിധത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നതെന്ന് അന്വേഷണ സംഘാംഗങ്ങള്‍ വെളിപ്പെടുത്തി.

Exit mobile version