ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് പ്രതിഷ്ഠയുടേത്; സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല; നിയമം ബാധകമല്ലെന്നും രാജകുടുംബം

പ്രതിഷ്ഠയാണ് ഇവിടെ സ്വത്തിന്റെ ഉടമയെന്നും രാജകുടുംബാംഗങ്ങള്‍ക്കുവേണ്ടി അഡ്വ. എംകെഎസ് മേനോന്‍ വാദിച്ചു.

ന്യൂഡല്‍ഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ പ്രതിഷ്ഠയുടേതാണെന്ന് രാജകുടുംബം. അതുകൊണ്ടു തന്നെ മരണശേഷം സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്ന നിയമം ബാധകമാവില്ലെന്നും രാജകുടുംബം സുപ്രീംകോടതിയില്‍ അറിയിച്ചു. ഉടമ മരിച്ചാല്‍ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് പോകുന്ന എസ് ചീട്ട് നിയമം ഇവിടെ ബാധകമല്ല. പ്രതിഷ്ഠയാണ് ഇവിടെ സ്വത്തിന്റെ ഉടമയെന്നും രാജകുടുംബാംഗങ്ങള്‍ക്കുവേണ്ടി അഡ്വ. എംകെഎസ് മേനോന്‍ വാദിച്ചു. കേസില്‍ ചൊവ്വാഴ്ച തുടര്‍വാദം നടക്കും.

കേസില്‍ അമിക്കസ്‌ക്യൂറി ആയിരുന്ന ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെയും ക്ഷേത്രത്തിലെ ആസ്തികള്‍ സംബന്ധിച്ച മുന്‍ സിഎജി വിനോദ് റായിയുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നകാര്യം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്താര്‍ ഉന്നയിച്ചു. എന്നാല്‍, അക്കാര്യം പിന്നീട് പരിശോധിക്കാമെന്ന് ജസ്റ്റിസുമാരായ യുയു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പ്രതിനിധികള്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പദ്മനാഭസ്വാമിയുടേത് പൊതുക്ഷേത്രമാണെന്ന 2011-ലെ നിലപാടും രാജകുടുംബം ആവര്‍ത്തിച്ചു.

ബി നിലവറ തുറക്കുന്നത് സംബന്ധിച്ച വിഷയം, കേസിലെ എല്ലാ കക്ഷികളുടെയും വാദങ്ങള്‍ കേട്ടശേഷം തീരുമാനിക്കാമെന്ന് ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Exit mobile version