പാലക്കാട് വീണ്ടും കഞ്ചാവ് വേട്ട; മൂന്ന് പേര്‍ എക്‌സൈസ് പിടിയില്‍

പാലക്കാട് ജില്ലയില്‍ നിന്ന് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പിടികൂടിയത് 30 കിലോ കഞ്ചാവും മുന്നൂറോളം ലഹരി ഗുളികളുമാണ്

പാലക്കാട്: പാലക്കാട് വീണ്ടും കഞ്ചാവ് വേട്ട. മൂന്ന് പേരെ എക്‌സെസ് സംഘം അറസ്റ്റ് ചെയ്തു. ന്‍പതേകാല്‍ കിലോ കഞ്ചാവ് ആണ് പിടികൂടിയത്. കോഴിക്കോട് സ്വദേശി ആഷിഷ്, മലപ്പുറം തിരൂര്‍ സ്വദേശി നൗഷാദ്, എറണാകുളം ആലുവ സ്വദേശി ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്.

പാലക്കാട് ജില്ലയില്‍ നിന്ന് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പിടികൂടിയത് 30 കിലോ കഞ്ചാവും മുന്നൂറോളം ലഹരി ഗുളികളുമാണ്. എല്ലാ കേസുകളിലും പിടിയിലായവര്‍ 25 വയസ്സില്‍ താഴെയുള്ള യുവാക്കളാണെന്ന് എക്‌സൈസ് അറിയിച്ചു. അധികൃതര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന ശക്തമാക്കിയതോടെ റോഡ് മാര്‍ഗമാണ് ഇപ്പോള്‍ കഞ്ചാവ് കടത്ത് നടക്കുന്നത്. വിലകൂടിയ ബൈക്കുകള്‍ ഉപയോഗിച്ചാണ് ഇവര്‍ കഞ്ചാവ് കടത്തല്‍ നടത്തുന്നതെന്നും എക്‌സൈസ് പറഞ്ഞു.

അതേ സമയം കഞ്ചാവ് കടത്തല്‍ സംഘങ്ങളില്‍ സ്ത്രീകളും സജീവമായതോടെ വനിതാ ഉദ്യോഗസ്ഥരുടെ സ്‌ക്വാഡും പാലക്കാട് ജില്ലയില്‍ രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തില്‍ വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. കഞ്ചാവ് മാഫിയ ജില്ലയില്‍ പിടമുറുക്കിയ സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് എക്‌സെസ് അധികൃതര്‍ പറഞ്ഞു.

Exit mobile version