എംഎയും ബിഎഡും യോഗ്യതകളുണ്ടായിട്ടും കാഴ്ചപരിമിതിയുടെ പേരില്‍ വേലായുധന്‍ 11 വര്‍ഷം ലോട്ടറി വില്‍പ്പനക്കാരനായി! ഒടുവില്‍ സൗഭാഗ്യംപോലെ അധ്യാപക ജോലി തേടിയെത്തി; കൈപിടിക്കാന്‍ വിദ്യാര്‍ത്ഥികളും

കൂലിവേലക്കാരായ മാതാപിതാക്കളുടെ മക്കളില്‍ വേലായുധനുമാത്രമാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അവസരമുണ്ടായത്.

അങ്കമാലി: കഷ്ടപ്പാടിനും പട്ടിണിക്കും ഇടയിലും താന്‍ സ്വപ്‌നം കണ്ട അഥിനായി ഓറെ പ്രയത്‌നിച്ച അധ്യാപകജോലി ഒടുവില്‍ തന്നെ തേടിയെത്തിയ സന്തോഷത്തിലാണ് കാഴ്ചയ്ക്ക് പരിമിതിയുള്ള കെസി വേലായുധന്‍. നീണ്ട പതിനൊന്നു വര്‍ഷം ലോട്ടറി വില്‍പ്പനക്കാരനായിരുന്നു വേലായുധന്‍. പഠനവും പരീക്ഷയുമൊക്കെ കഴിഞ്ഞിട്ടും തന്നെ ജോലിയെന്ന സൗഭാഗ്യം തേടിയെത്താതായപ്പോള്‍ തെരുവില്‍ ഭാഗ്യം വിറ്റ് കുടുംബം പുലര്‍ത്തുകയായിരുന്നു ഈ യുവാവ്. എങ്കിലും കുറച്ചു വൈകിയാണെങ്കിലും നാല്‍പ്പത്തിനാലാം വയസില്‍ കൊതിച്ച ജോലിയായ കുരുന്നുകളെ അക്ഷരം പഠിപ്പിക്കാന്‍ നിയുക്തനാവുകയായിരുന്നു വേലായുധന്‍.

പൊളിറ്റിക്കല്‍ സയന്‍സില്‍ എംഎ ബിരുദവും സോഷ്യല്‍ സയന്‍സില്‍ ബിഎഡും നേടിയ വേലായുധന്‍ ഈ മാസം 21നാണ് മുപ്പത്തടം ഗവ. ഹൈസ്‌കൂളില്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചത്. ആദ്യം കുറച്ചു പകച്ചുപോയെങ്കിലും സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും അകമഴിഞ്ഞ സ്‌നേഹവും സഹായവും വേലായുധന്റെ എല്ലാ ആശങ്കകളേയും ദുരീകരിക്കുകയായിരുന്നു. ക്ലാസുകളിലേക്ക് വേലായുധന്‍ മാഷുടെ കൈപിടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സ്‌നേഹത്തോടെ തിരക്കുകൂട്ടുകയാണ്. സംഗീതത്തില്‍ അഭിരുചിയുള്ള വേലായുധന്‍, ഗാനാലാപനത്തോടെയാണ് അധ്യാപകജീവിതത്തിന് തുടക്കംകുറിച്ചത്.

കറുകുറ്റി പഞ്ചായത്തിലെ എടക്കുന്ന് എത്തിലിതെറ്റ പ്രദേശത്ത് കപ്പിലി വീട്ടില്‍ പരേതനായ ചക്കന്റെയും കാളിയുടെയും ആറു മക്കളില്‍ മൂന്നാമനാണ് വേലായുധന്‍. ഇക്കഴിഞ്ഞ 17 വരെ കുടുംബം പോറ്റാന്‍ ഭാഗ്യക്കുറി വില്‍പ്പന നടത്തിവരികയായിരുന്നു. 2016–17 അധ്യയനവര്‍ഷം അട്ടപ്പാടി ട്രൈബല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ കീഴിലുള്ള ബ്രിഡിജസ് സ്‌കൂളില്‍ തുല്യത അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. അതുകഴിഞ്ഞപ്പോള്‍ 2007 മുതല്‍ ഭാഗ്യക്കുറി വില്‍പ്പനയായി.

അട്ടപ്പാടിയില്‍ സേവനമനുഷ്ഠിക്കുമ്പോഴാണ് പിഎസ്‌സിയുടെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷ എഴുതിയത്. 2017 നവംബര്‍ 20ലെ പ്രാഥമികപട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും നടന്നു. 2018 ഏപ്രിലില്‍ നടന്ന അഭിമുഖത്തില്‍ റാങ്ക്ലിസ്റ്റില്‍ ഒന്നാമനായി. ഈമാസം 17ന് നിയമന ഉത്തരവു കൈപ്പറ്റി, ഏറെ സ്വപ്‌നംകണ്ട അധ്യാപകജോലിയില്‍ പ്രവേശിച്ചു. മകന്‍ അധ്യാപകനായി കാണണമെന്നുള്ളത് അമ്മ കാളിയുടെയും വലിയ സ്വപ്‌നമായിരുന്നു. പക്ഷെ, മകന്‍ അധ്യാപക വേഷത്തിലെത്തുമ്പോള്‍ സന്തോഷം പങ്കിടാന്‍ വേലായുധന്റെ അച്ഛന്‍ ചക്കന്‍ ഇല്ലാതെപോയതിന്റെ ദുഃഖത്തിലാണ് കുടുംബം.

കൂലിവേലക്കാരായ മാതാപിതാക്കളുടെ മക്കളില്‍ വേലായുധനുമാത്രമാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അവസരമുണ്ടായത്. ജന്മനാ ഇടതുകണ്ണിന് കാഴ്ചയില്ലായിരുന്നു. നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ വലതുകണ്ണിന്റെ കാഴ്ചയും മങ്ങി. വൈകാതെ വലതുകണ്ണിലും ഇരുട്ട് മൂടി. അതോടെ വേലായുധന്റെ പഠനവും മുടങ്ങുമെന്നായി. വിവരമറിഞ്ഞ് അന്ന് എടക്കുന്ന് പള്ളി വികാരിയായിരുന്ന പരേതനായ ഫാ. പോള്‍ മണവാളനും നസ്രത്ത് മഠത്തിലെ രണ്ടു സിസ്റ്റര്‍മാരും ചേര്‍ന്ന് വേലായുധനെ കോട്ടയം നീര്‍പ്പാറ അസീസി മൗണ്ട് അന്ധവിദ്യാലയത്തിലെത്തിച്ചു. അവിടെ നാലുമുതല്‍ ഏഴാംക്ലാസ് വരെ പഠിച്ചു. ബ്രെയില്‍ ലിപിയിലുള്ള എഴുത്തും വായനയും. തുടര്‍ന്ന് കുന്നംകുളം മോഡല്‍ ഹൈസ്‌കൂളില്‍ ചേര്‍ന്നു.

പ്രീഡിഗ്രി മുതല്‍ എംഎവരെ തൃശൂര്‍ കേരളവര്‍മ കോളേജിലും ബിഎഡ് ഒറ്റപ്പാലം എന്‍എസ്എസ് ട്രെയ്‌നിങ് കോളേജിലുമായിരുന്നു. തുടര്‍ന്നങ്ങോട്ട് ജോലിതേടിയുള്ള യാത്രയായിരുന്നു.

2013 ഫെബ്രുവരി 13ന് പറവൂര്‍ വ്യാപാരഭവനില്‍ നടന്ന സമൂഹവിവാഹത്തിലാണ് ജീവിതപങ്കാളിയായി ചാലക്കുടി-പോട്ട പനമ്പിള്ളി കോളേജിനുസമീപം പേരാമ്പ്രക്കാരന്‍ വീട്ടില്‍ പരേതനായ കണ്ടന്റെയും അയ്യയുടെയും മകള്‍ ബീനയെ സ്വീകരിച്ചത്. ബീനയ്ക്ക് ഒരു കണ്ണിന് കാഴ്ചപരിമിതിയുണ്ട്.

സര്‍ക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും ആരാധനാലയങ്ങളുടെയും സുമനസ്സുകളുടെയും സഹായത്തില്‍ നാലുസെന്റ് ഭൂമിയില്‍ പണിത വീട്ടിലാണ് കുടുംബത്തിന്റെ താമസം.

Exit mobile version