കനത്ത പോലീസ് സുരക്ഷയില്‍ കനകദുര്‍ഗ ജോലിയില്‍ പ്രവേശിച്ചു

അങ്ങാടിപ്പുറം സപ്ലൈകോ താലൂക്ക് ഡിപ്പോയിലാണ് ചൊവ്വാഴ്ച രാവിലെ ജോലിക്കെത്തിയത്. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് കൊണ്ട് ജോലിക്ക് പോകുവാന്‍ സാധിച്ചിരുന്നില്ല.

അങ്ങാടിപ്പുറം: ശബരിമലയില്‍ സുപ്രീംകോടതി വിധി പ്രകാരം പ്രവേശനം നടത്തിയ അങ്ങാടിപ്പുറം സ്വദേശിനി കനകദുര്‍ഗ തിരികെ ജോലിയില്‍ പ്രവേശിച്ചു. അങ്ങാടിപ്പുറം സപ്ലൈകോ താലൂക്ക് ഡിപ്പോയിലാണ് ചൊവ്വാഴ്ച രാവിലെ ജോലിക്കെത്തിയത്. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് കൊണ്ട് ജോലിക്ക് പോകുവാന്‍ സാധിച്ചിരുന്നില്ല.

ഇപ്പോള്‍ കനത്ത പോലീസ് സംരക്ഷണത്തിലാണ് കനകദുര്‍ഗ തിരികെ ജോലിയില്‍ പ്രവേശിച്ചത്. നേരത്തേ ആനമങ്ങാട് മാവേലി സ്റ്റോറിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ നിരന്തരം ആളുകള്‍ വരുന്നതും പോലീസ് സംരക്ഷണം സ്ഥാപന നടത്തിപ്പിന് പ്രയാസമുണ്ടാക്കുന്നതും കണക്കിലെടുത്ത് അങ്ങാടിപ്പുറത്തേക്ക് ജോലി മാറ്റി നല്‍കുകയായിരുന്നു.

ഇതേ തസ്തികയില്‍ അങ്ങാടിപ്പുറത്ത് ഒഴിവില്ലെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് കനകദുര്‍ഗയെ ജോലിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 10.20ഓടെ പോലീസ് വാനിലാണ് ഒന്നാം നിലയിലുള്ള ഓഫിസിലെത്തിച്ചത്. പെരിന്തല്‍മണ്ണ സിഐ ടിഎസ് ബിനു, എസ്‌ഐ മഞ്ജിത്ത് ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജോലി കഴിയുന്നതുവരെ പോലീസ് സുരക്ഷയൊരുക്കി. ഓഫിസിന് മുന്നിലും സമീപത്തുമായി വനിത പോലീസുള്‍പ്പെടെയുള്ളവരെയും നിയോഗിച്ചിരുന്നു.

ഒരു മാസത്തിലേറെയായി ജോലിക്കെത്താതിരുന്ന കനകദുര്‍ഗ അക്കാലയളവില്‍ അവധി അനുവദിക്കണമെന്ന് അപേക്ഷ നല്‍കിയിട്ടുണ്ട്.
റീജിയണല്‍ ഓഫിസറാണ് അവധി അനുവദിക്കേണ്ടത്.

വൈകീട്ട് പോലീസ് സംരക്ഷണയില്‍ തന്നെ പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ് സംരക്ഷണ കേന്ദ്രത്തിലേക്ക് മടങ്ങി. നേരത്തെ കനകദുര്‍ഗ്ഗയും ബിന്ദുവും സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

Exit mobile version